Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
US Team Likely To Visit India: വ്യാപാര ചർച്ചകൾക്കായി ട്രംപ് ഭരണകൂടം അടുത്ത ആഴ്ച ഇന്ത്യയിലേക്ക് യുഎസ് സംഘത്തെ അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്

Donald Trump
വാഷിങ്ടണ്‍: പുതിയ വ്യാപാര ചർച്ചകൾക്കായി ട്രംപ് ഭരണകൂടം അടുത്ത ആഴ്ച ഇന്ത്യയിലേക്ക് യുഎസ് സംഘത്തെ അയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലേക്ക് എത്താന്‍ പദ്ധതിയിടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് യുഎസ് നീക്കമെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ പുടിന്റെ സന്ദര്‍ശനമാണോ ഇന്ത്യയിലെത്താന്‍ യുഎസ് സംഘത്തെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമല്ല.
പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗാണ് അമേരിക്കന്‍ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ 50% തീരുവ കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി പ്രാരംഭ കരാറില്‍ ഏര്‍പ്പെടാനാണ് കേന്ദ്രസര്‍ക്കാരിനും താത്പര്യം. ഈ വര്‍ഷം തന്നെ എന്തെങ്കിലും പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.
താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുന്ന ഒരു വ്യാപാര കരാര്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കാനാകുന്ന ധാരണയിലെത്താനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്. തീരുവ പ്രശ്‌നം ആദ്യ ഘട്ടത്തില്‍ തന്നെ പരിഗണിക്കാനാണ് നീക്കം.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരെ തീരുവ ചുമത്തിയത്. ഇന്ത്യയ്‌ക്കെതിരെ ആദ്യം രൂക്ഷവിമര്‍ശനം ഉന്നയിച്ച ട്രംപ് പിന്നീട് നിലപാട് മയപ്പെടുത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്നും ഇരുരാജ്യങ്ങളും ഒരു വ്യാപാര കരാറിലേക്ക് എത്തുകയാണെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. സമീപ മാസങ്ങളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പലതവണ കൂടിക്കാഴ്ച നടത്തി.