UAE National Day: മലയാളികളെ ശ്രദ്ധിച്ചോളൂ; യുഎഇയില്‍ ദേശീയദിനാഘോഷം ഇതെല്ലാം പാലിച്ച് മതി
UAE National Day 2025 Guidelines: യുഎഇ പൗരന്മാര്‍ക്ക് മാത്രമല്ല ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ സാധിക്കുന്നത്, വിദേശികള്‍ക്കും ആഘോഷങ്ങളില്‍ പങ്കുചേരാം. എന്നാല്‍ നിയമലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതീകാത്മക ചിത്രം
അബുദബി: യുഎഇ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം.
ദിവസങ്ങളോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് വിവിധ എമിറേറ്റുകളില്‍ നവംബര്‍ പകുതിയോടെ തുടക്കം കുറിച്ചിരുന്നു. യുഎഇ പൗരന്മാര്‍ക്ക് മാത്രമല്ല ആഘോഷ പരിപാടികളുടെ ഭാഗമാകാന്‍ സാധിക്കുന്നത്, വിദേശികള്‍ക്കും ആഘോഷങ്ങളില്‍ പങ്കുചേരാം. എന്നാല്‍ നിയമലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക പട്രോളിങ് ഉണ്ടായിരിക്കുന്നതാണ്. പൊതുനിരത്തില്‍ അനുമതിയില്ലാതെ മാര്‍ച്ചുകള്‍ നടത്താനോ ഉച്ചത്തിലുള്ള സംഗീത പരിപാടികള്‍ സംഘടിപ്പിക്കാനോ പാടുള്ളതല്ല.
നിര്‍ദേശങ്ങള്‍ ഇപ്രകാരം
- പൊതുനിരത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ അപകടകരമായ ഡ്രൈവിങ് എന്നിവ പാടില്ല.
- വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് പാഴ്‌വസ്തുക്കള്‍ വലിച്ചെറിയരുത്.
- ഉച്ചത്തിലുള്ള പാട്ടുവെക്കാന്‍ പാടില്ല, മറ്റ് തരത്തിലുള്ള ശബ്ദ മലിനീകരണം ഉണ്ടാക്കരുത്.
- യുഎഇ പതാകയോ അംഗീകൃത സ്റ്റിക്കറുകളോ അല്ലാതെ ഒന്നും തന്നെ സ്ഥാപിക്കാന്‍ പാടില്ല.
- മറ്റ് രാജ്യങ്ങളുടെ പതാക ഉയര്‍ത്താന്‍ പാടില്ല.
- ഫോം സ്‌പ്രേ ഉപയോഗിക്കാന്‍ പാടില്ല.
- വാഹനങ്ങളുടെ നമ്പര്‍, നിറം എന്നിവ മറയുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ പാടില്ല.
- വിന്‍ഡ്ഷീറ്റില്‍ സ്റ്റിക്കര്‍ വേണ്ട.
- റോഡിന് നടുവില്‍ വാഹനം നിര്‍ത്താന്‍ പാടില്ല.