UAE Weather: യുഎഇയിൽ ഇനി കനത്ത ചൂടിന്റെ നാളുകൾ, ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ഇതാ
UAE Ministry of Health Issues Vital Safety Guidelines : ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും പ്രവാസികൾക്കുമായി ആരോഗ്യ മന്ത്രാലയം (MoH) പ്രത്യേക മുൻകരുതലുകൾ പുറപ്പെടുവിച്ചു. ഇതിൽ പ്രധാനം നിർജ്ജലീകരണം എങ്ങനെ തടയാം എന്നതാണ്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ശരീരത്തിലെ ലവണാംശം നിലനിർത്താൻ ഒആർഎസ് (O R S) ലായനി, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ് എന്നു നിർദ്ദേശത്തിൽ പറയുന്നു.
ദുബായ്: കേരളത്തിലെ കടുത്ത ചൂടിന്റെ വാർത്തകൾ പുറത്തു വരുന്നതിനു പിന്നാലെ ഗൾഫ് മേഖലകളിലെ കാലാവസ്ഥാ മാറ്റവും ചർച്ചയാകുന്നു. യുഎഇയിൽ വസന്തകാലം അവസാനിക്കുകയാണ് ഇപ്പോൾ. രാജ്യം കടുത്ത ചൂടിലേക്കും വരണ്ട കാലാവസ്ഥയിലേക്കും പ്രവേശിക്കുന്നതിന്റെ സൂചനയായി കാനത്ത് അൽ തുറയ്യ സീസൺ ഏപ്രിൽ 29 ബുധനാഴ്ച മുതൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി മുന്നറിയിപ്പ് നൽകി.
എന്താണ് കാനത്ത് അൽ തുറയ്യ?
അറബ് ജ്യോതിശാസ്ത്ര പാരമ്പര്യമനുസരിച്ച്, ആകാശത്തെ അൽ തുറയ്യ എന്ന നക്ഷത്രസമൂഹം രാത്രി ആകാശത്ത് നിന്ന് മറയുന്ന 40 ദിവസത്തെ കാലയളവാണിത്. ഈ സീസണിന്റെ കാലയളവ് ഏപ്രിൽ 29 മുതൽ ജൂൺ 7 വരെയാണ്.
വസന്തത്തിന്റെ കുളിർമ മാറി വേനലിന്റെ കാഠിന്യം തുടങ്ങുന്ന മാറ്റത്തിന്റെ ഘട്ടമാണ് ഇത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ജൂൺ 7-ന് ഈ നക്ഷത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ യുഎഇയിൽ ഔദ്യോഗിക വേനൽക്കാലം ആരംഭിക്കും. അന്തരീക്ഷത്തിലെ ഈർപ്പം ഗണ്യമായി കുറയുകയും ഉഷ്ണക്കാറ്റ് വീശുകയും ചെയ്യും. ജലസ്രോതസ്സുകൾ വറ്റുന്നതും പുല്ലുകളും ചെടികളും ഉണങ്ങുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും പ്രവാസികൾക്കുമായി ആരോഗ്യ മന്ത്രാലയം (MoH) പ്രത്യേക മുൻകരുതലുകൾ പുറപ്പെടുവിച്ചു. ഇതിൽ പ്രധാനം നിർജ്ജലീകരണം എങ്ങനെ തടയാം എന്നതാണ്. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ശരീരത്തിലെ ലവണാംശം നിലനിർത്താൻ ഒആർഎസ് (O R S) ലായനി, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ് എന്നു നിർദ്ദേശത്തിൽ പറയുന്നു.
Also Read – UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത
ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്നവർക്ക് നിർബന്ധമായും വിശ്രമം നൽകണം. കടുത്ത തലവേദന, തലകറക്കം, ചർമ്മത്തിലെ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങൾ (ചായ, കാപ്പി) അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.
തൊഴിലാളികൾക്ക് ആശ്വാസമായി മിഡ്‌ഡേ ബ്രേക്ക്
ഔദ്യോഗിക വേനൽക്കാലം ആരംഭിക്കുന്നതോടെ ഉച്ചസമയത്ത് പുറംജോലികൾ ചെയ്യുന്നവർക്ക് യുഎഇ സർക്കാർ വർഷം തോറും നൽകാറുള്ള മിഡ്‌ഡേ ബ്രേക്ക് നിയമവും പ്രാബല്യത്തിൽ വരും. ജൂൺ പകുതി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച മഴ ചൂടിന് നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും, പുതിയ സീസൺ എത്തിയതോടെ ഇനി വരും മാസങ്ങളിൽ ചൂട് കഠിനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. സൂര്യതാപം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാനും അധികൃതർ നിർദ്ദേശിച്ചു.
പൊടിക്കാറ്റിനും സാധ്യത
വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തിയിരുന്നു. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉച്ചമർദ്ദവും ഒരേസമയം അനുഭവപ്പെടുന്നതാണ് നിലവിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണം. ഇതിന്റെ ഫലമായി ഉൾനാടൻ മേഖലകളിൽ ജനജീവിതം ദുസ്സഹമായേക്കാം. കൂടാതെ ദുബായ്, അബുദാബി തുടങ്ങിയ തീരദേശ നഗരങ്ങളിൽ ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർധിക്കാനും സാധ്യതയുണ്ട്.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. ഇത് മണൽക്കാറ്റിനും പൊടിപടലങ്ങൾ ഉയരാനും കാരണമാകും. പൊടിക്കാറ്റ് മൂലം റോഡിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും അലർജിയുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ഉചിതമായിരിക്കും.
English Summary
The UAE is entering a period of intense heat with temperatures set to rise above 40°C, bringing dry winds and possible dust storms. Authorities are advising everyone to stay hydrated, avoid the sun during midday, and drive carefully due to expected low visibility.