UAE Weather: യുഎഇയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ; മറ്റ് ചിലയിടങ്ങളിൽ താപനില 50 ഡിഗ്രി
UAE Weather Update: യുഎഇയിൽ കാലാവസ്ഥാവ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ മഴയും മറ്റ് ചിലയിടങ്ങളിൽ കടുത്ത ചൂടും ഉണ്ടാവും.

കാലാവസ്ഥ
യുഎഇയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ. മറ്റ് ചിലയിടങ്ങളിൽ 50 ഡിഗ്രി വരെ അന്തരീക്ഷ താപനില രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ ഉണ്ടാവുന്നുണ്ടെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് മഴയും വെയിലും മണൽക്കാറ്റുമൊക്കെ ഉണ്ടാവുന്നുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്യുമ്പോൾ മറ്റ് ചിലയിടങ്ങളിൽ ഇതിന് നേരെ വിപരീതമായ കാലാവസ്ഥയാണ്. 50 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.
Also Read: Ajman: കുറ്റാന്വേഷകരായി വേഷം മാറി നാല് ലക്ഷം ദിർഹം തട്ടിയെടുത്തു; അജ്മാനിൽ 9 പേർക്ക് തടവ് ശിക്ഷ
റാസ് അൽ ഖൈമയിലെ ജൈസ് മലയിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത് 27.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. ഇതാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് മെസൈറയിൽ രേഖപ്പെടുത്തിയ 49.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഏറ്റവും ഉയർന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷയായി രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്ന് മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഷാർജയിലെ അൽ ഖിദൈർ, അൽ മദാം റോഡുകളിൽ കനത്ത മഴയുണ്ടായി. ഇതേ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. റോഡിൽ മഴവെള്ളം ആയതിനാൽ വാഹനമോടിക്കുന്നവർ വേഗത ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. പുതുതായി പ്രദർശിപ്പിച്ചിരിക്കുന്ന വേഗതാനിയന്ത്രണം പാലിക്കണം.