Greenland: പടപ്പുറപ്പാടിന് തയ്യാറെടുത്ത് യുഎസ്? ഗ്രീന്‍ലാന്‍ഡിലേക്ക് പറന്ന് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍
US Greenland Controversy: ഗ്രീന്‍ലാന്‍ഡിലേക്ക് സൈനിക വിമാനങ്ങള്‍ വിന്യസിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്‌പേസ് ബേസിൽ വിമാനങ്ങൾ ഉടനെത്തുമെന്ന് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ്.

Donald Trump
ഗ്രീന്‍ലാന്‍ഡിലേക്ക് സൈനിക വിമാനങ്ങള്‍ വിന്യസിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്‌പേസ് ബേസിൽ വിമാനങ്ങൾ ഉടനെത്തുമെന്ന് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് അറിയിച്ചു. ദീർഘകാലമായി ആസൂത്രണം ചെയ്ത പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വിന്യസിക്കുന്നതെന്നാണ് വിശദീകരണം.
ഡെൻമാർക്കുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനം നടത്തിയതെന്നും ഗ്രീൻലാൻഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് അവകാശപ്പെട്ടു. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് ബേസില്‍ യുഎസ് വിമാനം എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യുഎസിന്റെ പുതിയ നീക്കം.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണയ്ക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, ഫിൻലാൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ക്കെതിരെ ഫെബ്രുവരി ഒന്ന് മുതല്‍ 10 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ജൂണോടെ ഇത് 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ നിലപാട്.
ട്രംപിന്റെ നിലപാടിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഗ്രീൻലാൻഡ് വില്‍ക്കാനുള്ളതല്ലെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള പറഞ്ഞു. ഡെൻമാർക്കിനെയും ഗ്രീൻലാൻഡിലെ ജനങ്ങളെയും യൂറോപ്പ് പിന്തുണയ്ക്കുന്നു. ഗ്രീൻലാൻഡിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും റോബർട്ട മെറ്റ്‌സോള വ്യക്തമാക്കി.
അതേസമയം, ഡെൻമാർക്ക് കൂടുതൽ സൈനികരെ ഗ്രീൻലാൻഡിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡാനിഷ് അധികൃതർ അറിയിച്ചു. ഗ്രീൻലാൻഡിൽ നാറ്റോ നിരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ഡെൻമാർക്ക് ആവശ്യപ്പെട്ടു. ഡാനിഷ് പ്രതിരോധ മന്ത്രി ട്രോയൽസ് ലണ്ട് പോൾസെനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.