US Shutdown: ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; യുഎസ് ഷട്ട്ഡൗൺ ആറാം ദിവസത്തിലേക്ക്
Senate Fail to Pass Funding Bill: ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും മറ്റ് നയപരമായ കാര്യങ്ങളിലും ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, സർക്കാർ ആദ്യം തുറന്നാൽ മാത്രമേ അത്തരം ചർച്ചകൾ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിങ്ടൺ: അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റ് വീണ്ടും തള്ളി. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകളാണ് വേണ്ടത്. എന്നാൽ റിപ്പബ്ലിക്കൻ നേതാക്കളുടയെും ഡെമോക്രാറ്റുകളുടെയും നിർദ്ദേശങ്ങൾക്കും അംഗീകാരം ലഭിക്കാൻ ആവശ്യമായ 60 വോട്ടുകൾ നേടാനായില്ല. ഡെമോക്രാറ്റിക് പദ്ധതി 45-55 ന് പരാജയപ്പെട്ടപ്പോൾ, റിപ്പബ്ലിക്കൻ ബിൽ 52-42 ന് വോട്ടെടുപ്പിൽ പരാജയപ്പെട്ടു.
ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം. വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഒബാമ കെയർ ഉറപ്പ് നൽകുന്ന സബ്‌സിഡി ഇല്ലാതാകരുത് എന്നതാണ് ഡെമോക്രാറ്റ് നേതാക്കളുടെ പ്രധാന ആവശ്യം.
ALSO READ: ‘സമയം പ്രധാനം, വേഗം വേണം, അല്ലെങ്കിൽ വൻതോതിലുള്ള രക്തച്ചൊരിച്ചിൽ ‘; മുന്നറിയിപ്പ് നൽകി ട്രംപ്
അതേസമയം, യുഎസ് സർക്കാരിന്റെ ഷട്ട്ഡൗൺ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടരുന്ന സർക്കാർ ഷട്ട്ഡൗണിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി. ‘ഇന്ന് രാത്രിതന്നെ നമ്മുടെ സർക്കാർ തുറക്കണം എന്നും ഷട്ട്ഡൗൺ അവശ്യ സേവനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഇത് സംഭവിക്കാൻ പാടില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.
ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും മറ്റ് നയപരമായ കാര്യങ്ങളിലും ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, സർക്കാർ ആദ്യം തുറന്നാൽ മാത്രമേ അത്തരം ചർച്ചകൾ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.