Viral Video : സാഹസപ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; പൈലറ്റ് കൊല്ലപ്പെട്ടു
Portugal Air Show Accident Viral Video : ആറ് വിമാനങ്ങൾ ആകാശത്ത് സാഹസപ്രകടനം കാഴ്ചവെക്കവെയാണ് അപകടം സംഭവിക്കുന്നത്. തുടർന്ന് അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു
ലിസ്ബൺ : പോർച്ചുഗലിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. പോർച്ചുഗലിലെ ദക്ഷിണമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരമായ ബേജയിൽ ആകാശത്ത് വെച്ച് നടത്തിയ സാഹസപ്രകടനത്തിനിടെയാണ് രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്നലെ ജൂൺ രണ്ടിന് ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിക്കുന്നത്. സാഹസപ്രകടനത്തിന് വേണ്ടിയുള്ള പരിശീലന പറക്കലിനിടെയാണ് അപകടമെന്ന് പോർച്ചുഗീസ് വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു.
സ്പാനിഷ് സ്വദേശിയായ പൈലറ്റാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വ്യോമസേനയുടെ വക്താവ് അറിയിച്ചതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കൂട്ടിയിടച്ച രണ്ടാമത്തെ വിമാനത്തിലെ പൈലറ്റിന് പരിക്കേറ്റു. പോർച്ചുഗീസ് സ്വദേശിയായ ഇയാളെ ബേജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതും വായിക്കൂ
ആറ് ചെറുവിമാനങ്ങൾ ചേർന്ന് നടത്തിയ സാഹസപ്രകടനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇതിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അതിനിടെ വിമാനങ്ങൾ അപകടത്തിൽ പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി. ആറ് വിമാനങ്ങളിൽ ഒരെണ്ണം ദിശമാറി പോകുകയും തുടർന്ന് ഏറ്റവും മുന്നിലുള്ള വിമാനത്തിൽ വന്നിടിക്കുകയായിരിന്നു. തുടർന്ന് ഇരു വിമാനങ്ങളും നിലം പതിച്ചു. അപകടത്തിൻ്റെ വീഡിയോ:
Beja Air Show accident 😨😞 DEP pic.twitter.com/4WrRfoLCeO
— Don Expensive 🇪🇦 ✞ 🐸 (@kar0____) June 2, 2024
സംഭവിച്ചത് ദാരുണമായ ഒരു അപകടമാണ്. അന്വേഷണം നടത്തിയ അപകടത്തിൻ്റെ യഥാർഥ കാരണമെന്താണ് കണ്ടെത്തുമെന്ന് പോർച്ചുഗൽ പ്രതിരോധ മന്ത്രി നൂനോ മെലോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അപകടം വേദനജനകമാണെന്ന് പോർച്ചുഗൽ പ്രസിഡൻ്റ് മാർസെലോ റെബേലോ ഡി സൂസാ പ്രതികരിച്ചു.
സ്പാനിഷ്- പോർച്ചുഗീസ് പൈലറ്റുമാരുടെ സംഘം ചേർന്ന് നടത്തുന്ന യാക് സ്റ്റാർസ് എന്ന എയറോബാറ്റിക് കമ്പനിയുടെ വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. സോവിയറ്റ്-റഷ്യൻ നിർമിതമായ യാകോവ്ലെവ് യാക്-52 എന്ന വിമാനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ബേജയിലെ എയർ ഷോ നിർത്തിവെച്ചതായി വ്യോമസേന അറിയിച്ചു.