Wizz Air: ചിലവ് കുറഞ്ഞ വിമാനയാത്ര ഇനി നടക്കില്ല; അബുദാബിയിലെ പ്രവർത്തനം അവസാനിപ്പിച്ച് വിസ് എയർ
Wizz Air Suspends Its Operations: ചിലവ് കുറഞ്ഞ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിയിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഓഗസ്റ്റ് 31 ആവും അവസാന ദിവസം.
അബുദാബിയിലെ പ്രവർത്തനം അവസാനിപ്പിച്ച് ചിലവ് കുറഞ്ഞ വിമാനക്കമ്പനിയായ വിസ് എയർ. സെപ്തംബർ ഒന്ന് മുതൽ രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വാർത്താകുറിപ്പിലൂടെ വിസ് എയർ അറിയിച്ചു. മാർക്കറ്റിലെ സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനമെടുത്തത് എന്ന് വാർത്താകുറിപ്പിൽ കമ്പനി പറഞ്ഞു.
വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുന്ന സാഹചര്യത്തിലും വിസ് എയർ പ്രവർത്തനം നിർത്തിയത് ചർച്ച ആയിട്ടുണ്ട്. 2024ൽ എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലുമായി 29.4 മില്ല്യൺ യാത്രക്കാരാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനമാണ് വളർച്ച. അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം വലിയ വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. 29 റൂട്ടുകളിലായി 125 സ്ഥലങ്ങളിലേക്കാണ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ വർഷം വിമാന സർവീസുകൾ നടത്തിയത്.




2024ൽ 3.5 മില്ല്യണിലധികം യാത്രക്കാരാണ് അബുദാബി വിസ് എയറിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വളർച്ച. 80 ശതമാനത്തിലധികമായിരുന്നു സർവീസിലെ യാത്രക്കാർ.
കഴിഞ്ഞ വർഷത്തിൽ സർവീസ് നടത്തുന്നതിൽ വലിയ പ്രതിസന്ധികളുണ്ടായെന്ന് കമ്പനി അറിയിച്ചു. എഞ്ചിനുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പ്രശ്നങ്ങൾ. ഇത് വിമാനങ്ങളുടെ ലഭ്യതയിലും സർവീസിലും പ്രശ്നങ്ങളുണ്ടാക്കി. തകരാറിനെ തുടർന്ന് നിരവധി വിമാനങ്ങൾ തുടരെ നിലത്തിറക്കേണ്ടിവന്നു. ഓഗസ്റ്റ് 31ന് ശേഷം വിസ് എയറിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ ലഭിക്കും. ഇമെയിലിലൂടെ ബന്ധപ്പെട്ടാൽ റീഫണ്ടോ മറ്റ് യാത്രാസൗകര്യങ്ങളോ ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. ബുക്കിങ് സൈറ്റുകൾ വഴി ടിക്കറ്റെടുത്തവർ അതാത് ട്രാവൽ ഏജൻ്റുമാരെ ബന്ധപ്പെടണം.