World Leader Rejects Donald Trump Plan: പലസ്തീൻകാർ ഗൾഫ് രാജ്യങ്ങളിലേക്ക് പോകട്ടെയെന്ന് ട്രംപ്; എതിർപ്പുമായി ലോകരാജ്യങ്ങൾ
World Leaders Rejects Donald Trump's Proposal: ഗാസയെ സമ്പൂർണമായി പുനർനിർമിക്കും എന്നും ഗാസയ്ക്കുമേൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.

ന്യൂയോർക്ക്: ഹമാസ് – ഇസ്രായേൽ സംഘർഷത്തിൽ തകർന്ന ഗാസ അമേരിക്ക ഏറ്റെടുത്ത് പുനർനിർമിക്കും എന്നറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വെച്ച് നടന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ ഗാസയിൽ താമസിക്കുന്ന പലസ്തീൻകാർ അവിടം ഒഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകട്ടെ എന്നായിരുന്നു ട്രംപിന്റെ നിർദേശം. ഗാസയെ സമ്പൂർണമായി പുനർനിർമിക്കും എന്നും ഗാസയ്ക്കുമേൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഗാസയുടെ പുനർനിർമാണത്തിന് ശേഷം അവിടെ ആര് വസിക്കുമെന്ന കാര്യത്തിൽ ട്രംപ് വിശദീകരണം നൽകിയിട്ടില്ല.
ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചെങ്കിലും ഇരു രാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരെ സഖ്യകക്ഷികൾ ഉൾപ്പടെ ലോകരാജ്യങ്ങൾ എതിർപ്പ് അറിയിച്ച് രംഗത്തെത്തി. ഗാസയിലെ ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ കരാർ ലംഘനത്തിലേക്ക് യുഎസിന്റെ പുതിയ നീക്കം നയിച്ചേക്കുമെന്ന് ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിന്റെ ബന്ദികളായി വെച്ചിട്ടുള്ള ബാക്കി ആളുകളെ വിട്ടുകിള്ളാനുള്ള ചർച്ചകൾ ഈ ആഴ്ച ആരംഭിക്കാനിരിക്കയാണ് യുഎസിന്റെ പുതിയ പ്രഖ്യാപനം. ഹമാസ് ബന്ധികളിൽ ഒരു യുഎസ് പൗരനും ഉണ്ട്.
ALSO READ: ‘ഗാസ യുഎസ് ഏറ്റെടുക്കും; എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോകണം’; ഡൊണാൾഡ് ട്രംപ്
ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ നീക്കങ്ങൾ എല്ലാം തകർക്കുമെന്ന ആശങ്കയാണ് ലോകരരാജ്യങ്ങൾ ഉയർത്തിയത്. കൂടാതെ, യുഎസിനൊപ്പം ഹമാസ് – ഇസ്രായേൽ യുദ്ധത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് നിന്ന ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് മേൽ പുതിയ സമ്മർദ്ദങ്ങളാണ് ഈ തീരുമാനം ചെലുത്തുക. പലസ്തീൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ കാലമായി വാദിക്കുന്ന രാജ്യങ്ങളാണ് ഇവ. അതേസമയം, ഇതിന് സമാനമായ പരാമർശങ്ങൾ ട്രംപ് നേരത്തെയും നടത്തിയിരുന്നു. കഴിഞ്ഞ മാസവും ഗാസയിലെ പലസ്തീൻകാരെ അയൽ രാജ്യങ്ങളിലേക്ക് മാറ്റുന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. അന്ന് പലസ്തീൻകാരെ ജോർദാനും ഈജിപ്തും ഏറ്റെടുക്കണമെന്നാണ് ട്രംപ് നിർദേശിച്ചത്.
ട്രംപിന്റെ പുതിയ തീരുമാനം എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനും വ്യക്തമാക്കി. ഗാസയിൽ വസിക്കുന്ന പലസ്തീനികളെ നിർബന്ധപൂർവം പുറത്താക്കി ഗാസയെ പുനർനിർമിക്കരുതെന്ന് ഈജിപ്തും അറിയിച്ചു. കൂടാതെ ഇക്കാര്യത്തിൽ സൗദി അറേബ്യയും എതിർപ്പറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോട് കൂടി വേണം ഗാസയുടെ പുനർനിർമാണം നടത്തേണ്ടതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തിയ ശേഷം പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ പറഞ്ഞു.