Ajman Beach Project: സൈക്ലിംഗിനായി മാത്രം രണ്ടര കിലോമീറ്റർ നീളമുള്ള പ്രത്യേക ട്രാക്ക്; മെഗാ ബീച്ച് പ്രൊജക്ടുമായി അജ്മാൻ
Ajman Beach Project Cycling Track: അജ്മാനിലെ മെഗാ ബീച്ച് പ്രൊജക്ട് 2025 മാർച്ചോടെ പൂർത്തിയാവുമെന്ന് അധികൃതർ. രണ്ടര കിലോമീറ്റർ നീളമുള്ള സൈക്കിൾ ട്രാക്ക് അടക്കമാണ് അജ്മാനിലെ മെഗാ ബീച്ച് പ്രൊജക്ട്.

മെഗാ ബീച്ച് പ്രൊജക്ടുമായി അജ്മാൻ. 2,20,000 സ്ക്വയർ മീറ്റർ ബീച്ചാണ് അജ്മാൻ വികസിപ്പിക്കുന്നത്. മെഗാ ബീച്ച് പ്രൊജക്ടുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം സ്ക്വയർ മീറ്റർ പച്ചപ്പ് വച്ച് പിടിപ്പിക്കാനും തീരുമാനമായി. നഗരവികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് വികസനം തീരുമാനിച്ചത്. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കൂടുതൽ മികച്ച പൊതു സ്ഥലങ്ങളൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2500 മീറ്റർ നീളമുള്ള സൈക്ക്ളിംഗ് ട്രാക്കും ഈ പദ്ധതിയിലുണ്ടാവും. ഇതിനൊപ്പം കാൽനട യാത്രക്കാർക്കുള്ള പ്രത്യേക പാതയും ഉണ്ടാവും. ഇക്കോ ഫ്രണ്ട്ലി ടൂറിസവുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതികൾ നടപ്പാക്കുകയെന്ന് അജ്മാൻ ഇൻഫ്രാസ്ട്രക്ചർ സിഇഒ മുഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു. “പുതിയ പദ്ധതി ആധുനികവും വാസയോഗ്യവുമായ നഗരം വികസിപ്പിക്കാനുള്ള നേതൃത്വത്തിൻ്റെ വീക്ഷണമാണ്. അതുകൊണ്ട് തന്നെ നേരമ്പോക്കിന് വേണ്ടിയുള്ള കാര്യങ്ങളും കായികവിനോദങ്ങളും ആസ്വദിക്കാൻ ആളുകൾക്ക് സാധിക്കും. കൂടുതൽ പച്ചപ്പ് ഏർപ്പെടുത്തി, വിവിധ കായികവിനോദങ്ങൾക്കുള്ള പ്രത്യേക ഇടങ്ങളും ഒരുക്കുന്നതിലൂടെ അജ്മാനിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ ഇത് അജ്മാനെ മെച്ചപ്പെടുത്തും.”- മുഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി കൂട്ടിച്ചേർത്തു.
മെഗാ ബീച്ച് പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അൽ മുഹൈരിയും അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയും ചേർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച പരിശോധിച്ചിരുന്നു. ഇക്കോ ഫ്രണ്ട്ലി ടൂറിസവുമായി ബന്ധപ്പെട്ട വികസനപദ്ധതികളുടെ ഒന്നും രണ്ടും ഘട്ടങ്ങൾ അവസാനിച്ചു എന്ന് അൽ മുഹൈരി വ്യക്തമാക്കി. ഈ വർഷം മാർച്ചോടെ പദ്ധതി അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ, ചില മിനുക്കുപണികൾ കൂടി ഇനി നടക്കാനുണ്ട്. സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട ഈ പദ്ധതി 2025 ഓഗസ്റ്റിൽ അവസാനിക്കും.




തീരം വർധിപ്പിച്ച്, തീരദേശവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരം കൂടുതൽ നന്നാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരവികസന പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുയിടങ്ങൾ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമമാണ് ഇത്. ഇതിലൂടെ വിനോദസഞ്ചാരം മെച്ചപ്പെടുത്തി സാമ്പത്തികരംഗം മികച്ചതാക്കാനാവുമെന്ന് അജ്മാൻ അധികൃതർ പറയുന്നു. അതിലൂടെ പുതിയ അവസരങ്ങൾ തുറന്ന് വ്യാവസായികപരമായ മെച്ചവും ഉണ്ടാവുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഉദ്ദേശിക്കുന്ന വേഗത്തിൽ തന്നെ പദ്ധതി പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.