Trump-Zelensky Meeting: ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലന്‍സ്‌കി വൈറ്റ് ഹൗസിലേക്ക്; യൂറോപ്യന്‍ നേതാക്കളും ഭാഗമാകും
US Ukraine Talks: അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് നടത്തിയ ഉച്ചക്കോടിക്ക് പിന്നാലെയാണ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച. വെടിനിര്‍ത്തല്‍ എന്ന ആവശ്യത്തിന് പകരം സ്ഥിരമായ സമാധാന കരാര്‍ ഉണ്ടാകണമെന്നാണ് നിലവില്‍ ട്രംപിന്റെ ആവശ്യം.
കീവ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഇന്ന് വൈറ്റ് ഹൗസിലെത്തും. യൂറോപ്യന്‍ നേതാക്കളും ചര്‍ച്ചയുടെ ഭാഗമാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ എന്നിവരും ചര്‍ച്ചയുടെ ഭാഗമാകും.
അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് നടത്തിയ ഉച്ചക്കോടിക്ക് പിന്നാലെയാണ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച. വെടിനിര്‍ത്തല്‍ എന്ന ആവശ്യത്തിന് പകരം സ്ഥിരമായ സമാധാന കരാര്‍ ഉണ്ടാകണമെന്നാണ് നിലവില്‍ ട്രംപിന്റെ ആവശ്യം.
യുക്രെയ്‌നിന് വേണ്ടി നാറ്റോ പോലുള്ള സുരക്ഷാ കരാറിന് പുടിന്‍ സമ്മതിച്ചതായി യുഎസ് പ്രതിനിധി പറഞ്ഞിരുന്നു. റഷ്യയില്‍ വലിയ പുരോഗതി, സ്ഥിരത പുലര്‍ത്തൂവെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ കുറിച്ചു.




അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കാനായി വാഷിങ്ടണിലെത്തുമെന്നാണ് വിവരം.
ഇത്രയും നാളുകള്‍ക്കുള്ളില്‍ യുദ്ധകാല പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇത്രയധികം രാഷ്ട്രത്തലവന്മാര്‍ അറ്റ്‌ലാന്റിക് കടന്ന് യാത്ര ചെയ്യുന്നത് ഇതാദ്യമായാണ്. ഇത് വലിയ അപകട സാധ്യതയ്ക്കുള്ള സൂചനയും നല്‍കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ നിന്ന് യുക്രെയ്ന്‍ പ്രസിഡന്റിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്രംപ് സെലന്‍സ്‌കിയെ സമ്മര്‍ദിലാക്കി സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നതില്‍ യൂറോപ്യന്‍ നേതാക്കള്‍ ആശങ്കാകുലരാണെന്ന് നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ മണ്ടത്തരം മാത്രമാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സിബിഎസിനോട് പറഞ്ഞു.