Kerala Budget 2026: കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0; എന്ന് മുതൽ?
Medisep 2.0 Announced in Kerala Budget 2026: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Kerala Budget
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ച മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 11 ലക്ഷത്തോളം പെൻഷൻകാർക്കും സൗജന്യ മെഡിക്കൽ സേവനം മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 104 വയസുള്ള വ്യക്തി വരെ മെഡിസെപ്പ് പദ്ധതിയിൽ അംഗമായി സേവനം തേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ നടപ്പിലാക്കും. കൂടുതൽ പാക്കേജുകളും കൂടുതൽ ആശുപത്രികളും ചേർത്താണ് മെഡിസെപ്പ് 2.0 നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിന് 8,244 രൂപയാണ് വാർഷിക പ്രീമിയം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും 687 രൂപ പിടിക്കും.
കൂടാതെ ചികിത്സാ പാക്കേജ് നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കുന്നതാണ്. ഒന്നാം ഘട്ടത്തിൽ പ്രതിമാസ പ്രീമിയം അഞ്ഞൂറ് രൂപയും 1,920 പാക്കേജുകളുമായിരുന്നു. പ്രതിദിനം 5,000 രൂപ വരെ മുറി വാടക, സർക്കാർ പേ വാർഡ് മുറി വാടക പ്രതിദിനം 2,000 രൂപ വരെയാക്കി ഉയർത്തി. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയ്ക്കാണ് നിർവഹണ ചുമതല.
ALSO READ: കാരുണ്യ പദ്ധതിയില്‍ ഇല്ലേ? നിങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ്
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഹരിതകർമസേനാംഗങ്ങൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ക്ഷേമനിധി അംഗളായ ലോട്ടറി തൊഴിലാളികൾക്കും ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.