Akshaya Tritiya 2025 : സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; എങ്കിലും അക്ഷയ തൃതീയയ്ക്ക് സ്വർണം വിറ്റു പോയ കോടികൾക്ക് കണക്കില്ല!
Akshaya Tritiya 2025 Gold Sale : ഒരു പവന് 75,000 രൂപയോട് അടുത്ത സ്വർണവില അക്ഷയ തൃതീയയ്ക്കടുത്തപ്പോൾ നേരിയ തോതിൽ വില കുറഞ്ഞിരുന്നു. എന്നിരുന്നാലും ഒരു ഗ്രാം സ്വർണം വാങ്ങിക്കണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 10,000 രൂപയെങ്കിലും ഇപ്പോൾ നൽകേണ്ട സ്ഥിതിയാണിപ്പോൾ

Representational Image
കഴിഞ്ഞ ദിവസം ഏപ്രിൽ 30-ാം തീയതി രാജ്യത്തെ പല ഇടങ്ങളിലായി അക്ഷയ തൃതീയ ആഘോഷിച്ചിരുന്നു. ഈ പുണ്യദിവസത്തിൽ ഐശ്വര്യപ്രാപ്തിക്കായി വീടുകളിൽ സ്വർണം വാങ്ങിക്കുന്ന പതിവുള്ളതാണ്. സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിൽക്കുമ്പോഴും അക്ഷയ തൃതീയ ദിവസം സ്വർണത്തിൻ്റെ വിൽപനയിൽ ഒരു കോട്ടവും സംഭവിച്ചില്ലയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ഗ്രാമിന് 10,000ത്തിനോട് അരികിൽ നിൽക്കുമ്പോഴും ഈ വിശേഷദിവസത്തിൽ സ്വർണമല്ലാതെ മറ്റൊന്നും വാങ്ങിക്കാൻ ആരും തയ്യാറുകുന്നില്ലയെന്നാണ് വാസ്തവം.
അക്ഷയ തൃതീയ ദിവസം രാജ്യത്ത് ഉടനീളമായി വിറ്റു പോയത് ഏകദേശം 12,000 കോടി രൂപയിൽ അധികം മൂല്യം വരുന്ന സ്വർണമാണെന്നാണ് സ്വർണവ്യാപാരികളുടെ സംഘടനയായ കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് അറിയിക്കുന്നത്. സ്വർണത്തിന് വില റോക്കറ്റ് പോലെ ഉയരുന്നെങ്കിലും അക്ഷയ തൃതീയ പോലെയുള്ള വിശേഷദിവസങ്ങളിൽ ഉപയോക്താക്കൾ സ്വർണം വാങ്ങിക്കാൻ ഒരിക്കലും മടി കാണിക്കാറില്ല. പ്രധാനമായി അന്നേദിവസം വ്യാപാരം നടന്നിട്ടുള്ളത് പഴയ സ്വർണം നൽകി മാറ്റി വാങ്ങിക്കുന്നതാണ്. ആകെ നടന്ന വ്യാപാരത്തിൽ 50 ശതമാനവും അങ്ങനെയായിരുന്നുയെന്നാണ് പിഎൻജി ജുവലറി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൗരഭ് അറിയിക്കുന്നത്.
ALSO READ : Today Gold Rate: അല്പം പ്രതീക്ഷയാവാം… സ്വർണവിലയിൽ മങ്ങൽ; അറിയാം ഇന്നത്തെ നിരക്ക്
കഴിഞ്ഞ മൂന്ന് വർഷമായി സ്വർണവില ക്രമാതീതമായി ഉയരുന്നുണ്ടെങ്കിലും സ്വർണത്തോട് ഉപയോക്താക്കൾ വിരക്തി കാണിക്കുന്നില്ലയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രതിവർഷം ഇന്ത്യയിലേക്ക് 700 മുതൽ 800 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. ഗ്രാമിന് സ്വർണവില പതിനായിരത്തിലേക്കെത്തയപ്പോഴു പവന് 75,000 ആയപ്പോഴും സ്വർണം വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.
ഇന്നത്തെ സ്വർണവില
അക്ഷയ തൃതീയ ദിവസം സ്വർണവിലയിൽ മാറ്റം ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് മെയ് ഒന്നാം തീയതി സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായാരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 205 രൂപയാണ് കുറഞ്ഞത്. ഒരു പവന് (എട്ട് ഗ്രാം) ഇന്ന് കുറഞ്ഞത് 1,640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 8,775 രൂപയാണ്, പവൻ്റെ നിരക്ക് 70,200 രൂപയാണ്.