Loan Agreement: ലോണ്‍ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് എല്ലാം വായിച്ചുനോക്കിയോ? ഇത് പരിശോധിച്ചേ പറ്റൂ
Loan Agreement Checklist: വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പ്, പലിശ നിരക്കും ഇഎംഐ കാലയളവും മാത്രം ശ്രദ്ധിച്ചാല്‍ പോരാ, ലോണുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിക്കുന്ന മറ്റ് പല വിഷയങ്ങളെ കുറിച്ചും നിങ്ങള്‍ ബോധവാന്മാരായിരിക്കണം.
വായ്പകള്‍ എടുക്കുന്നത് സര്‍വ്വസാധാരണമാണ്. അവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് വ്യക്തിഗത വായ്പകളാണ്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വൈവിധ്യമാര്‍ന്ന ഓഫറുകളാണ് വായ്പ എടുക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആവശ്യങ്ങള്‍ നിറവേറ്റാനായി വായ്പയെടുക്കുന്ന തിരക്കില്‍ പലര്‍ക്കും ഒട്ടനവധി തെറ്റുകള്‍ സംഭവിക്കാറുണ്ട്, അവയിലൊന്നാണ് വായിച്ച് നോക്കാതെ വായ്പാ കരാറില്‍ ഒപ്പുവെക്കുന്നത്.
വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പ്, പലിശ നിരക്കും ഇഎംഐ കാലയളവും മാത്രം ശ്രദ്ധിച്ചാല്‍ പോരാ, ലോണുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിക്കുന്ന മറ്റ് പല വിഷയങ്ങളെ കുറിച്ചും നിങ്ങള്‍ ബോധവാന്മാരായിരിക്കണം. അതിനാല്‍ വായ്പാ കരാറില്‍ ഒപ്പുവെക്കും മുമ്പ് ഓരോ വായ്പക്കാരനും മനസിലാക്കേണ്ടിയിരിക്കുന്ന കാര്യങ്ങള്‍ പരിചയപ്പെടാം.
വായ്പാ വിശദാംശങ്ങള്‍ പരിശോധിക്കാം
വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മനസിലാക്കുന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. വായ്പ തുകയും, പലിശ നിരക്കും മാത്രമേ പലപ്പോഴും ആളുകള്‍ പരിശോധിക്കുന്നുള്ളൂ. എന്നാല്‍ പിന്നീടായിരിക്കും വായ്പയുടെ ചെലവ് കൂടുതലാണെന്ന് മനസിലാക്കുക. ബാങ്ക് അനുവദിക്കുന്ന തുക പരിശോധിക്കുക, അമിതമായി പണം വായ്പ എടുക്കുന്നത് ചിലപ്പോള്‍ ദോഷം ചെയ്‌തേക്കാം.




പലിശ നിരക്ക് മാത്രമല്ല, അതോടൊപ്പം തന്നെ വാര്‍ഷിക ശതമാനം നിരക്ക് കൂടി പരിഗണിക്കണം. ഇതില്‍ പ്രോസസിങ് ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മറ്റൊന്നാണ് എത്ര ഇഎംഐകള്‍ ഉണ്ട് എന്നുള്ളത്. നേരത്തെ തിരിച്ചടച്ചാല്‍ പിഴയുണ്ടാകുമോ എന്ന കാര്യം പരിശോധിക്കുക.
മറ്റ് ചാര്‍ജുകള്‍
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവര്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നിരക്കുകള്‍ തുടക്കത്തില്‍ ചിലപ്പോള്‍ വെളിപ്പെടുത്താറില്ല. ലോണ്‍ തുകയുടെ 3 ശതമാനം വരെയാണ് സാധാരണയായി പ്രോസസിങ് ഫീ ഈടാക്കുന്നത്. വൈകിയുള്ള പേയ്‌മെന്റുകള്‍ക്ക് 500 മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാനും സാധ്യതയുണ്ട്.
കാലാവധി
കാലാവധി നീട്ടി എടുക്കുന്ന ഇഎംഐ തുക കുറയ്ക്കുമെന്ന ആശ്വാസമാണ് പലര്‍ക്കും. എന്നാല്‍ ഇഎംഐ വര്‍ഷങ്ങളോളം അടയ്‌ക്കേണ്ടി വരുന്നത് നിങ്ങളുടെ സമ്പത്ത് ചോര്‍ത്തുന്നതിന് തുല്യമാണ്. ദീര്‍ഘനാളത്തെ ഇഎംഐ കാലാവധി തിരഞ്ഞെടുക്കുമ്പോള്‍ എത്ര രൂപ അടയ്‌ക്കേണ്ടി വരുമെന്ന് പരിശോധിക്കുക.
Also Read: Fake Currency Notes: കള്ളനോട്ട് കിട്ടിയാൽ എന്തുചെയ്യണം? അബദ്ധം ചെയ്യാതിരിക്കാൻ….
നിയമ ഡോക്യുമെന്റേഷനുകള്‍
എല്ലാ വായ്പാ കരാറിലും നിയമപരമായ ചില കാര്യങ്ങളും അടങ്ങിയിരിക്കുന്നു. ബാങ്ക് നിങ്ങളെ എപ്പോള്‍ ഡിഫോള്‍ട്ടറായി പ്രഖ്യാപിക്കുമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ഒരു തര്‍ക്കം ഉണ്ടായാല്‍ ഏത് കോടതിയെയാണ് സമീപിക്കേണ്ടത് എന്നും അറിഞ്ഞിരിക്കണം.
നിങ്ങളുടെ അവകാശങ്ങള്‍
ബാങ്കുമായുള്ള വായ്പാ തര്‍ക്കത്തില്‍ നിങ്ങള്‍ക്ക് ബാങ്കിങ് ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കാം. വായ്പ എടുക്കുന്നവരുടെ അവകാശങ്ങള്‍ ആര്‍ബിഐ സംരക്ഷിക്കുന്നു. ബാങ്ക് അന്യായമായ ഫീസ് ഈടാക്കുകയോ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് പരാതി നല്‍കാം.