Trump’s Tariff: ട്രംപിന്റെ ഇരട്ട പ്രഹരം, കേരള ഉൽപന്നങ്ങൾക്ക് യുഎസിൽ അടിതെറ്റുമോ?
How will US Tariff affect Kerala products: ഭക്ഷ്യ ഉൽപന്നങ്ങളുടെ യുഎസിലേക്കുള്ള കയറ്റുമതിയിലും 75% വരെ ഇടിവുണ്ടാകാം. ഓണം വിപണിക്കായി കഴിഞ്ഞ മാസം കയറ്റി അയച്ച വിഭവങ്ങളെ അധിക തീരുവ ബാധിക്കാത്തത് ആശ്വാസമാണ്.

പ്രതീകാത്മക ചിത്രം
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചുമത്തിയ അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 50 ശതമാനം ഇറക്കുമതി തീരുവ ആണ് നടപ്പിലാക്കുന്നത്. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. എന്നാൽ കേരളത്തിന്റെ ഉൽപന്നങ്ങളെ ഇത് എങ്ങനെയാകും ബാധിക്കുക?
ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുന്നതോടെ മിക്ക കേരള ഉൽപന്നങ്ങൾക്കും യുഎസ് വിപണിയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഭക്ഷ്യ സമുദ്രോൽപന്നങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, കയർ ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം വലിയ തിരിച്ചടി സംഭവിക്കും.
പ്ലാൻ എ പ്രായോഗികമല്ല
25%ലെ അധിക ചെലവ് കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളും ചേർന്ന് പങ്കിടാമെന്ന ഓപ്ഷനുണ്ടായിരുന്നെങ്കിൽ, 50%ൽ അത് പ്രായോഗികമല്ല. തീരുവ കുറവുള്ള മൂന്നാമതൊരു രാജ്യത്തേക്ക് ആദ്യം കയറ്റുമതി ചെയ്ത്, അവിടെ നിന്ന് പുനർകയറ്റുമതിയും ആലോചിച്ചിരുന്നെങ്കിലും അതും പ്രായോഗികമല്ല. പുനർകയറ്റുമതി ചെയ്താൽ 40% പിഴ തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.
ALSO READ: അധിക തീരുവ ഇന്ന് മുതൽ, ട്രംപിന്റെ ഫോൺ കോളുകൾ നിരസിച്ച് പ്രധാനമന്ത്രി
തിരിച്ചടി നേരിടുന്നവ
കയർ ഉൽപന്നങ്ങൾക്ക് യുഎസ് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പക്ഷേ, വില 50% കൂടുന്നത് ഇറക്കുമതിയെ ദോഷകരമായി ബാധിക്കും. ചൈന, തുർക്കി എന്നിവിടങ്ങളിലെ വില കുറവുള്ള സിന്തറ്റിക് ഉൽപന്നങ്ങൾ വിപണി കീഴടക്കും. വോൾമാർട്ട്, ടെസ്കോ പോലുള്ള യുഎസ് റീട്ടെയ്ൽ സ്റ്റോറുകളിലേക്ക് റെഡിമെയ്ഡ് വസ്ത്രങ്ങൾ അയക്കുന്നവർക്കും അധിക തീരുവ വെല്ലുവിളിയാകും.
കൂടാതെ ഭക്ഷ്യ ഉൽപന്നങ്ങളുടെ യുഎസിലേക്കുള്ള കയറ്റുമതിയിലും 75% വരെ ഇടിവുണ്ടാകാം. ഓണം വിപണിക്കായി കഴിഞ്ഞ മാസം കയറ്റി അയച്ച വിഭവങ്ങളെ അധിക തീരുവ ബാധിക്കാത്തത് ആശ്വാസമാണ്. ഇവയ്ക്ക് 10% മാത്രമാണ് തീരുവ. ബുധനാഴ്ച അര്‍ധരാത്രി 12.01-ന് മുമ്പ് യുഎസ് വിപണിയിലെത്തുന്നതിനായി ക്ലിയറന്‍സ് ലഭിച്ചതോ സംഭരണശാലകളില്‍നിന്ന് വിപണികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതോ ആയ ഇന്ത്യന്‍ ചരക്കുകളെയും ഇന്ത്യയില്‍ നിന്ന് കപ്പലില്‍ കയറ്റിയതോ അല്ലെങ്കില്‍ യുഎസിലേക്ക് പുറപ്പെട്ടിരിക്കുന്നതോ ആയ ചരക്കുകളെയും അധിക തീരുവ ബാധിക്കില്ല.