Fish Price Hike: ചൂട് പണി തന്നു, മത്തി ഉൾപ്പെടെയുള്ള മീനുകളുടെ വില കുതിക്കുന്നു
Fish Prices Soar Due to Intense Heat: ആഴക്കടലിലേക്ക് പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഇവർക്കില്ലാത്തതിനാൽ മീൻ ലഭ്യതയും കുറയുന്നു. ഇതോടെ മാർക്കറ്റുകളിൽ വില വർദ്ധിപ്പിച്ചു. കൂടാതെ, തീരദേശങ്ങളിൽ ഹാലജൻ ബൾബുകൾ ഉപയോഗിച്ച് കൊണ്ടുള്ള മീൻപിടുത്തം വ്യാപകമായി തുടരുന്നതും മീനുകളുടെ ലഭ്യത കുറയാൻ കാരണമാകുന്നുണ്ട്.

പ്രതീകാത്മക ചിത്രം
മീൻ ഇല്ലാതെ ഉച്ചയ്ക്ക് എങ്ങനെ ചോറ് കഴിക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക മലയാളികളും. എന്നാൽ നോമ്പും ഈസ്റ്ററും എല്ലാം കഴിഞ്ഞതോടെ നല്ല പോലെ മീൻ കഴിക്കാമെന്ന് കരുതിയവർക്ക് തെറ്റി. സംസ്ഥാനത്ത് മത്സ്യത്തിൻ്റെ വില (Fish Price Hike) കുത്തനെ ഉയരുന്നു. ചൂട് കനത്തതോടെ മീനിൻ്റെ വില കുത്തനെ ഉയരാൻ കാരണമായിരിക്കുന്നത്. വേനൽ കനത്തോടെ തീരക്കടലിലെ മത്സ്യലഭ്യതയിൽ കുറവ് വന്നതോടെയാണ് വില വർധിക്കാൻ ഇടയായിരിക്കുന്നത്. ഉയർന്ന താപനില കാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറിയതോടെയാണ് മീൻ്റെ ലഭ്യത കുറഞ്ഞത്. ഇതോടെ മലയാളികളുടെ തീൻമേശയിലെ സ്ഥിര സാന്നിധ്യമായ മത്തി, അയല, നെത്തോലി തുടങ്ങിയവയുടെ വിലയും ഉയർന്നു. മേയ് അവസാനം വരെ തീരക്കടലിൽ മത്സ്യ ക്ഷാമം ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കടലിൻ്റെ ഉപരിതല താപനില ഉയരുന്നു
കടൽ ജലത്തിന്റെ ഉപരിതല താപനില കൂടുമ്പോൾ മത്സ്യങ്ങൾ തണുപ്പ് ലഭിക്കാനായി ആഴമേറിയ ഭാഗങ്ങളിലേക്ക് നീങ്ങും. സാധാരണയായി 80 മീറ്ററിന് മുകളിലുള്ള ആഴമേറിയ ഭാഗങ്ങളിലേക്കാണ് ഇവ നീങ്ങുന്നത്. ചെറുവഞ്ചികളിലും ഇൻബോൾഡ് വള്ളങ്ങളിലും മത്സ്യബന്ധം നടത്തുന്നവരെയാണ് ഈ പ്രതിഭാസം അധികവും ബാധിക്കുന്നത്. കേരളത്തിൽ ഏകദേശം 32,000 വള്ളങ്ങളാണുള്ളത്.
ALSO READ: വിഷു വിപണി സജീവം, വില കൂടിയത് ഇവയ്ക്കൊക്കെ
ആഴക്കടലിലേക്ക് പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഇത്തരം വള്ളങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ, ഇവർക്ക് മീൻ ലഭ്യതയും കുറയുന്നു. ഇതോടെ വിപണിയിൽ മീനിൻ്റെ ഡിമാൻഡ് വർധിച്ചതോടെ വില ഉയരുകയും ചെയ്തു. കൂടാതെ, തീരദേശങ്ങളിൽ ഹാലജൻ ബൾബുകൾ ഉപയോഗിച്ച് കൊണ്ടുള്ള മീൻപിടുത്തം വ്യാപകമായി തുടരുന്നതും മീനുകളുടെ ലഭ്യത കുറയാൻ കാരണമാകുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മീൻപിടുത്തത്തെ ബാധിക്കുന്ന കാലാവസ്ഥ വ്യതിയാനം
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 35 ലക്ഷം ടൺ കടൽമത്സ്യം പിടിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ കാലാവസ്ഥ വ്യത്യയാനം മീൻപിടുത്തത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറിക്കടക്കാൻ സമുദ്ര മത്സ്യക്കൃഷി വികസനം, കാലാവസ്ഥ സൗഹൃദ മത്സ്യബന്ധന രീതി, നിയമവിരുദ്ധ മത്സ്യബന്ധത്തിന് കർശന നിയന്ത്രണം തുടങ്ങി പല മാർഗങ്ങളാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.