Gold: സ്വർണം കീഴടങ്ങി, വെള്ളിയും ഇടിവിൽ; നേട്ടം മുഴുവൻ ഇക്കൂട്ടർക്ക്
Why Copper, Aluminium, and Zinc Price hit all time highs: കഴിഞ്ഞ ഒരു മാസത്തിനിടെ, ചെമ്പ്, അലുമിനിയം വിലകൾക്ക് എട്ട് ശതമാനം വർദ്ധനവാണ് ഉണ്ടായത്. സിങ്ക് ഏകദേശം അഞ്ച് ശതമാനം നേട്ടമുണ്ടാക്കി.

പ്രതീകാത്മക ചിത്രം
റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ചെമ്പ്, അലൂമിനിയം, സിങ്ക് തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ വില റെക്കോർഡ് ഉയരത്തിലും എത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ, ചെമ്പ്, അലുമിനിയം വിലകൾക്ക് എട്ട് ശതമാനം വർദ്ധനവാണ് ഉണ്ടായത്. സിങ്ക് ഏകദേശം അഞ്ച് ശതമാനം നേട്ടമുണ്ടാക്കി. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് സ്പോട്ട് വില മെട്രിക് ടണ്ണിന് $11,097 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഒപ്പം, അലുമിനിയവും സിങ്കും അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിൽ റെക്കോർഡ് ഉയരത്തിൽ വ്യാപാരം നടത്തുന്നു.
ലോഹങ്ങളുടെ വിലവർദ്ധനവിന് കാരണം
വിതരണത്തിലെ കുറവ്
ആഗോളതലത്തിൽ ഈ ലോഹങ്ങൾക്കുള്ള ഡിമാൻഡ് കുതിച്ചുയരുമ്പോൾ, ഉത്പാദനം കുറയുന്നത് ഒരു പ്രധാന പ്രശ്നമാണ്. പ്രധാന ഖനികളിലുണ്ടായ ഉത്പാദന തടസ്സങ്ങൾ ചെമ്പിന്റെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. പ്രധാന ചെമ്പ് ഖനിയായ ഫ്രീപോർട്ട്-മക്‌മോറാൻ അടച്ചുപൂട്ടിയത് വിലകൾ ഉയർത്താൻ കാരണമായി.
ഹരിത ഊർജ്ജം, വ്യാവസായിക ആവശ്യം
ഹരിത ഊർജ്ജവും ഇലക്ട്രിക് വാഹനങ്ങളും ലോഹങ്ങളുടെ ഡിമാൻഡ് ഉയർത്തി. ഇലക്ട്രിക് വാഹനങ്ങൾ (EVs), സോളാർ പാനലുകൾ, വിൻഡ് ടർബൈനുകൾ, പവർ ഗ്രിഡ് നവീകരണം എന്നിവയ്ക്ക് ചെമ്പ് അത്യന്താപേക്ഷിതമാണ്. ഹരിത സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം ഈ ലോഹങ്ങൾക്കുള്ള ആവശ്യകത വർദ്ധിപ്പിക്കുന്നു.
ALSO READ: സ്വർണം സ്വന്തമാക്കാം; കാത്തിരുന്ന വിലയിലേക്ക്…
യു.എസ്. ഡോളർ
ഡോളർ ദുർബലമാകുന്നത് ഈ ഉൽപ്പന്നങ്ങളുടെ വിലയിലെ വർദ്ധനവിന് ഒരു പ്രധാന കാരണമായി മാറുന്നു. ഇവയിൽ ഭൂരിഭാഗവും LME, COMEX പോലുള്ള എക്സ്ചേഞ്ചുകളിൽ യുഎസ് ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്.
യു.എസ്. ഡോളർ ദുർബലമാകുമ്പോൾ, ഡോളറിൽ വിലയിടുന്ന കമ്മോഡിറ്റികൾ വിദേശ വാങ്ങലുകാർക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു. ഇത് ചെമ്പ്, അലൂമിനിയം പോലുള്ള ലോഹങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും വില കൂടാൻ കാരണമാകുകയും ചെയ്യും.
നിക്ഷേപകർ
സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും, പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലും നിക്ഷേപകർ അവരുടെ പണം സുരക്ഷിതമാക്കാനായി കമ്മോഡിറ്റികളിലേക്ക് തിരിയുന്നതും ലോഹങ്ങളുടെ വില കൂടാൻ മറ്റൊരു കാരണമാണ്.