Kerala Gold Rate: അടുത്തയാഴ്ച 1 ലക്ഷം താണ്ടും? സ്വര്‍ണം വില കുറഞ്ഞാലും കൂടിയാലും വാങ്ങിക്കാന്‍ പറ്റില്ല
Gold Price From November 24 2025: യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ അവസാനിച്ചതോടെ എല്ലാവരുടെയും ശ്രദ്ധ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശ നിരക്ക് കുറയ്ക്കുമോ എന്നതിലേക്കായി. എന്നാല്‍ പലിശ നിരക്ക് കുറയാന്‍ സാധ്യതയില്ലെന്ന വിവരവും പുറത്തെത്തുന്നുണ്ട്.

പ്രതീകാത്മക ചിത്രം
യുഎസും സ്വര്‍ണവിലയും ഒരേദിശയില്‍ സഞ്ചരിക്കുന്ന യാത്രക്കാരാണ്. യുഎസിലുണ്ടാകുന്ന സാമ്പത്തിക അസ്ഥിരത ലോകമാകെയുള്ള സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നു. യുഎസ് ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണത്തിന്റെ വില തീപോലെ കത്തിക്കയറും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം കുറഞ്ഞ നിരക്കിലേക്കുള്ള യാത്രയിലാണ്. യുഎസ് അടച്ചുപൂട്ടല്‍ പരിസമാപ്തിയിലേക്ക് കടന്നതാണ് ഇതിന് വഴിവെച്ചത്.
യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ അവസാനിച്ചതോടെ എല്ലാവരുടെയും ശ്രദ്ധ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശ നിരക്ക് കുറയ്ക്കുമോ എന്നതിലേക്കായി. എന്നാല്‍ പലിശ നിരക്ക് കുറയാന്‍ സാധ്യതയില്ലെന്ന വിവരവും പുറത്തെത്തുന്നുണ്ട്. യുഎസ് അടച്ചുപൂട്ടല്‍ അവസാനിച്ചെങ്കില്‍ യുഎസ് ഗവണ്‍മെന്റ് നേരിടുന്ന വെല്ലുവിളികള്‍ക്ക് അറുതിയായിട്ടില്ല. അടിസ്ഥാനപരമായ സാമ്പത്തിക ആശങ്കകളും, സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനുള്ള കാലതാമസവും സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.
കേരളത്തില്‍ അടുത്തയാഴ്ച എങ്ങനെ?
സംസ്ഥാനത്ത് സ്വര്‍ണം കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. സ്വര്‍ണവില കുറയാന്‍ യാതൊരു സാധ്യതയും ഇനിയില്ലെന്നാണ് വ്യാപാരിയായ അരുണ്‍ മാര്‍ക്കോസ് സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് വിലക്കയറ്റത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ വിപണിയില്‍ വലിയ തോതില്‍ വില കുറയുന്നതിന്റെയോ ഉയരുന്നതിന്റെയോ ട്രെന്‍ഡ് കാണിക്കുന്നില്ല. സ്‌റ്റേബിള്‍ ആയിട്ടുള്ള വില വര്‍ധനവിലേക്ക് സ്വര്‍ണം എത്തുമെന്നും അദ്ദേഹം സൂചന നല്‍കുന്നു.
എന്നാല്‍ എത്ര രൂപയായിരിക്കും സ്വര്‍ണത്തില്‍ വര്‍ധിക്കാന്‍ പോകുന്നതെന്ന് വ്യക്തമാകി പറയാന്‍ സാധിക്കില്ല. 2000 മുതല്‍ 3000 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ മാസങ്ങൡലെ പ്രവചനാതീതമായ കുതിപ്പാണ് സംഭവിച്ചത്. അതിനാല്‍ തന്നെ എത്ര രൂപ വരെ ഉയരാന്‍ സാധിക്കുമെന്ന് വ്യക്തമാകി പറയാന്‍ സാധിക്കില്ലെന്ന് അരുണ്‍ പറഞ്ഞു.
സ്വര്‍ണവില ഒരു ലക്ഷം കടക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ ബിജി എബ്രഹാമും പറയുന്നു. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്ന സാഹചര്യം ഒഴിച്ചുകൂടാന്‍ ആകാത്തതാണെന്നും അത് കാലം തെളിയിക്കുമെന്നും സീ ന്യൂസ് മലയാളത്തിനോട് അദ്ദേഹം പറഞ്ഞു.
യുഎസിന്റെ ഫിസ്‌കല്‍ ഡെഫിസിറ്റ് വളരെ ഉയര്‍ന്നതാണ്. യുഎസിന്റെ ജിഡിപി റെഷ്യോ 99 ശതമാനവും. ഇന്ത്യയുടേത് ആണെങ്കില്‍ 58 ശതമാനവും. അതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണവില ഉയരും. വരുന്ന ആഴ്ചയില്‍ സ്വര്‍ണവില കുറനായാണ് സാധ്യത. യുഎസ് ഡോളര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതാണ് അതിന് കാരണം. യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ ലേബര്‍ മാര്‍ക്കറ്റ് കരുത്താര്‍ജിച്ചു. മാത്രമല്ല, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും മങ്ങി. ഇതോടെ സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഇന്ത്യയിലും വിദേശത്തും തുടരുന്നു. അതിന്റെ ഭാഗമായി ഡോളര്‍ കരുത്താര്‍ജിച്ചു.
ഡോളര്‍ കരുത്താര്‍ജിക്കുന്നത് സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കി. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ അത് ഇപ്പോഴും പ്രകടമായിട്ടില്ല. ഇന്ത്യന്‍ കറന്‍സി ദുര്‍ബലമായതാണ് അതിന് കാരണം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 90 രൂപയ്ക്ക് അടുത്തെത്തി. ഇന്ത്യന്‍ രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് 90 രൂപയിലേക്ക് എത്തി. എന്നാല്‍ അമേരിക്കന്‍ ഡോളര്‍ കരുത്ത് കൈവരിക്കുകയും ചെയ്ത അപൂര്‍വ കാഴ്ചയാണിപ്പോള്‍ ഇന്ത്യയില്‍. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ വില ഇനിയും കുറയേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിലവില്‍ സ്വര്‍ണവില കുറഞ്ഞാലും കൂടിയാലും സാധാരണക്കാര്‍ക്ക് വാങ്ങിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. കാര്യമായ വിലയിടിവ് സ്വര്‍ണത്തില്‍ ഇതുവരേക്കും സംഭവിച്ചിട്ടില്ല.