AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST Rate Cut: സെപ്റ്റംബര്‍ 22 മുതല്‍ ഏതെല്ലാം ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും?

Products Getting Cheaper After GST: വോള്‍ട്ടാസ്, ഡെയ്കിന്‍, ഗോദ്‌റേജ് അപ്ലയന്‍സസ്, പാനസോണിക്, ഹയര്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഇതിനകം തന്നെ പുതുക്കിയ വില വിവരം പുറത്തുവിട്ടു. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത് മുതല്‍ ഈ നിരക്ക് ബാധകമാകും.

GST Rate Cut: സെപ്റ്റംബര്‍ 22 മുതല്‍ ഏതെല്ലാം ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും?
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 21 Sep 2025 11:39 AM

സെപ്റ്റംബര്‍ 22 തിങ്കളാഴ്ച പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. ഇതോടെ രാജ്യത്തെ പല ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാകും. 5 ശതമാനം 18 ശതമാനം എന്നീ നികുതി സ്ലാബുകള്‍ മാത്രം നിലനിര്‍ത്തികൊണ്ടുള്ളതാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ പ്രീമിയം ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടി തുടരും.

സെപ്റ്റംബര്‍ 22 മുതല്‍ നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഉത്പന്നങ്ങളുടെ വിശദമായ പട്ടിക താഴെ കൊടുത്തിരിക്കുന്നു.

എന്തെല്ലാം ലഭിക്കും?

വീട്ടുപകരണങ്ങളും ഇലക്ട്രോണിക്‌സും- നിലവില്‍ 28% ജിഎസ്ടി ഉള്ള ഇനങ്ങള്‍ 18% ആയി കുറയും. മുന്‍നിര ബ്രാന്‍ഡുകളെ ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങിക്കാം. എയര്‍ കണ്ടീഷണറുകളുടെ വിലയില്‍ 4,500 രൂപ വരെയും ഡിഷ്‌വാഷറുകളുടെ വിലയില്‍ 8,000 രൂപ വരെയും വില കുറവ് വരുത്തി.

വോള്‍ട്ടാസ്, ഡെയ്കിന്‍, ഗോദ്‌റേജ് അപ്ലയന്‍സസ്, പാനസോണിക്, ഹയര്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഇതിനകം തന്നെ പുതുക്കിയ വില വിവരം പുറത്തുവിട്ടു. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത് മുതല്‍ ഈ നിരക്ക് ബാധകമാകും.

പാലുത്പന്നങ്ങള്‍- ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ രാജ്യത്തെ പ്രമുഖ പാലുത്പന്ന ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ വില കുറച്ചു. നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ബേക്കറി, ഫ്രോസണ്‍, യുഎച്ച്ടി പാല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

പായ്ക്ക് ചെയ്ത വെള്ളം- റെയില്‍വേയുടെ റെയില്‍ നീര്‍ എന്ന പേരില്‍ പായ്ക്ക് ചെയ്ത കുപ്പിവെള്ളത്തിന്റെ വിലയില്‍ മന്ത്രാലയം കുറവ് വരുത്തി. റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 15 ല്‍ നിന്ന് 14 ആയി കുറയും.

വില കുറയുന്ന നിത്യോപയോഗ സാധനങ്ങള്‍

നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനം സ്ലാബിലേക്കാണ് താഴുന്നത്. അതിനാല്‍ നിരവധി ഉത്പന്നങ്ങള്‍ക്ക് വില കുറയും.

  • ടൂത്ത് പേസ്റ്റ്, സോപ്പുകള്‍, ഷാംപൂകള്‍, ഹെയര്‍ ഓയില്‍
  • ടാല്‍ക്കം പൗഡര്‍, ഫേസ് പൗഡര്‍, ഷേവിങ് ക്രീ, ആഫ്റ്റര്‍ ഷേവിങ് ലോഷന്‍
  • ബിസ്‌ക്കറ്റുകള്‍, ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍
  • നെയ്യ്, കണ്ടന്‍സ്ഡ് മില്‍ക്ക് തുടങ്ങിയ പാലുത്പന്നങ്ങള്‍
  • സൈക്കിളുകളും സ്റ്റേഷനറികളും
  • ഒരു നിശ്ചിത വിലയ്ക്ക് താഴെയുള്ള വസ്ത്രങ്ങളും പാദരക്ഷകളും

മരുന്നുകള്‍

മരുന്നുകളുടെയും ഫോര്‍മുലേഷനുകളുടെയും ഗ്ലൂക്കോമീറ്ററുകള്‍, ഡയഗണിസ്റ്റിക് കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെയും ജിഎസ്ടി 5 ശതമാനമായി കുറച്ചതോടെ, സാധാരണക്കാര്‍ക്ക് സെപ്റ്റംബര്‍ 22 മുതല്‍ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും.

Also Read: Amul Cut Prices: നെയ്യ് മുതല്‍ പനീര്‍ വരെ; 700ലധികം ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍

സിമന്റ്

സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതിനാല്‍ വീട് പണിയുന്നവര്‍ക്ക് തീര്‍ച്ചയായും പ്രയോജനം ലഭിക്കും.

വാഹനങ്ങള്‍

ഏറെ നാളായി വാഹനങ്ങള്‍ വാങ്ങിക്കാനായി ആഗ്രഹിച്ചിരുന്നവര്‍ക്കും നല്ല സമയമാണ്. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും നികുതി യഥാക്രമം 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി.

ഇവയ്ക്കും ലഭിക്കും

ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പ്, ഫിറ്റ്‌നസ് സെന്ററുകള്‍, യോഗ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യ, ശാരീരിക ക്ഷേമ സേവനങ്ങളുടെ ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റോടെ (ഐടിസി) 18 ശതമാനത്തില്‍ നിന്ന് നികുതി ക്രെഡിറ്റ് ഇല്ലാതെ 5 ശതമാനമായി കുറച്ചു.