Guinness World Record: ഗിന്നസ്, റെക്കോർഡല്ല; മദ്യ ബ്രാൻഡ്! ആ കഥ ഇങ്ങനെ…
Guinness Book of World Record: അസാധ്യവും അപൂര്‍വവുമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് ലഭിക്കുന്നത്. എന്നാൽ ഗിന്നസ് എന്നത് ഒരു റെക്കോർഡ് മാത്രമല്ല, ഒരു മദ്യ കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണെന്ന് അറിയാമോ?

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്, നമുക്കേറെ പരിചയമുള്ള ഒരു പദമാണ്. അസാധ്യവും അപൂര്‍വവുമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് ലഭിക്കുന്നത്. എന്നാൽ ഗിന്നസ് എന്നത് ഒരു റെക്കോർഡ് മാത്രമല്ല, ഒരു മദ്യ കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണെന്ന് അറിയാമോ? ഗിന്നസ് റെക്കോർഡിന് പിന്നിലെ കഥ പരിചയപ്പെടാം…
ഗിന്നസ് മദ്യ ബ്രാൻഡ്
ഗിന്നസ് റെക്കോർഡ് ആരംഭിക്കുന്നത് ഗിന്നസ് മദ്യ ബ്രാൻഡിന്റെ മാർക്കറ്റിംഗ് തന്ത്രമായിട്ടാണ്. അയർലന്റിലെ ദബ്ലിൻ എന്ന സ്ഥലത്ത് ആർതർ ഗിന്നസ് എന്ന പറയുന്ന വ്യക്തി തുടങ്ങിയ ഒരു മദ്യ ബ്രാൻഡാണ് ഗിന്നസ്. ഗിന്നസ് ബ്രീവെറിയുടെ മാനേജിങ് ഡയറക്ടറായ സര്‍ ഹൂഗ് ബീവറിന് തോന്നിയ ആശയമാണ് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പിറവിക്ക് കാരണം.
ഗിന്നസ് മദ്യം കുടിച്ച് കൊണ്ട് ആളുകൾ ഇരിക്കുന്ന സമയത്ത് ഒരു തർക്കം ഉടലെടുക്കുകയുണ്ടായി. ‘യൂറോപ്പിൽ ഏറ്റവും വേഗതയുള്ള പക്ഷി ഏതാണ്’ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു തർക്കം. പക്ഷേ എവിടെ നോക്കിയിട്ടും ആ ചോദ്യത്തിന്റെ ഉത്തരം കണ്ട് പിടിക്കാൻ സാധിച്ചില്ല. എന്നാൽ ഈ സമയത്ത്, ഹൂഗ് ബീവറിന് ഒരാശയം തോന്നി. എന്ത് കൊണ്ട് ലോകത്ത് ഏറ്റവും വലുത്, ഉയരം കൂടിയത് തുടങ്ങിയ പ്രത്യേക റെക്കോർഡുകൾ ഉൾപ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കി കൂടാ? ഈ ചോദ്യത്തിന്റെ ഫലമായാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ഉടലെടുക്കുന്നത്. ഈ ആശയം പിന്നീട് ഗിന്നസ് എന്ന മദ്യ ബ്രാൻഡിന് ഏറെ പ്രചാരം നേടി കൊടുത്തു.
ALSO READ: കോഡിംഗിൽ പുലി, പതിനാറാം വയസ്സിൽ ഒരു ലക്ഷം കോടി രൂപയുടെ കമ്പനി ഉടമ, ആരാണ് പ്രഞ്ജലി അവസ്തി?
ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്
1974ല്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കോപ്പിറൈറ്റ് പുസ്തകമെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്ക് സ്വന്തമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മ്യൂസിയവും തുറന്നു.
1999ലാണ് ഗിന്നസ് പബ്ലിഷിങ് ലിമിറ്റഡ് എന്ന പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്ന് മാറ്റുന്നത്. 40,000ത്തിലധികം കാറ്റഗറികളുടെ റെക്കോര്‍ഡാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുള്ളത്. എന്നാല്‍ ഇവയില്‍ 3000ത്തോളം റെക്കോര്‍ഡുകള്‍ മാത്രമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
അതേസമയം ഗിന്നസ് ലഭിക്കാത്ത ചില കാര്യങ്ങളുമുണ്ട്. സൗന്ദര്യം, മൃഗങ്ങള്‍ക്കോ കാണികള്‍ക്കോ ഉപദ്രവമായി മാറുന്ന പ്രകടനങ്ങള്‍, ക്രൂരകൃത്യങ്ങള്‍, മദ്യം, ടൊബാക്കോ, അമിത ഭക്ഷണം തുടങ്ങിയവയ്ക്ക് ഗിന്നസ് റെക്കോർഡ് നൽകാറില്ല.