EPFO: ഇടനിലക്കാരുടെ കെണിയിൽ വീഴരുത്; ഔദ്യോഗിക പോർട്ടൽ ഉപയോഗിക്കാൻ ആവശ്യപ്പെട്ട് ഇപിഎഫ്ഒ
EPFO: സേവനങ്ങൾ സൗജന്യമായി ഓൺലൈനിൽ വഴി ലഭ്യമാണെന്നും അതിനാൽ ഔദ്യോഗിക പോർട്ടൽ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇപിഎഫ്ഒ. മൂന്നാം കക്ഷി കമ്പനികളെയോ ഏജന്റുമാരെയോ സമീപിക്കരുതെന്നും മുന്നറിയിപ്പ്.

ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി മൂന്നാം കക്ഷി കമ്പനികളെയോ ഏജന്റുമാരെയോ സമീപിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഇപിഎഫ്ഒ. ഇത്തരത്തിൽ ഇടനിലക്കാരെ ആശ്രയിക്കുന്നത് വഴി അംഗങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ചോരാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം സ്ഥാപനങ്ങൾക്ക് ഇപിഎഫ്ഒ അംഗീകാരം നൽകിയിട്ടില്ലെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇപിഎഫ്ഒയുടെ സേവനങ്ങൾ സൗജന്യമായി ഓൺലൈനിൽ വഴി ലഭ്യമാണെന്നും അതിനാൽ ഔദ്യോഗിക പോർട്ടൽ ഉപയോഗപ്പെടുത്തണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്ക് നിരവധി സൈബർ കഫേ ഓപ്പറേറ്റർമാർ/ഫിൻടെക് കമ്പനികൾ വലിയ തുകകൾ ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇപിഎഫ്ഒ ചൂണ്ടിക്കാട്ടി. ഇപിഎഫ്ഒ പോർട്ടലിലൂടെയും ഉമാങ് ആപ്പിലൂടെയും ലഭ്യമായ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എല്ലാ അംഗങ്ങളോടും, തൊഴിലുടമകളോടും പെൻഷൻകാരോടും ഇപിഎഫ്ഒ അഭ്യർത്ഥിച്ചു.
ക്ലെയിം ഫയലിംഗ്, ട്രാൻസ്ഫറുകൾ, കെവൈസി അപ്‌ഡേറ്റ് തുടങ്ങിയവ ഉൾപ്പെടെ എല്ലാ ഇപിഎഫ്‌ഒ സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്. കൂടാതെ ഓൺലൈനായി എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന സേവനങ്ങൾക്കായി അംഗങ്ങൾ മൂന്നാം കക്ഷി ഏജന്റുമാർക്കോ സൈബർ കഫേകൾക്കോ യാതൊരു ഫീസും നൽകേണ്ടതില്ല. ഔദ്യോഗിക വെബ്‌സൈറ്റ് (www.epfindia.gov.in) വഴി റീജിയണൽ ഓഫീസുകളിലെ ഇപിഎഫ്‌ഒ ഹെൽപ്പ്‌ഡെസ്‌ക്കുകൾ/പിആർഒ മുതലായവയുമായി ബന്ധപ്പെടാവുന്നതാണ്.
അംഗങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്ന ശക്തമായ സംവിധാനമാണ് ഇപിഎഫ്ഒയ്ക്കുള്ളതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇപിഎഫ്ഒ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ഉപയോക്തൃ സൗഹൃദപരമായും എല്ലാ പങ്കാളികൾക്കും ലഭ്യമാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. രോഗം, ഭവനം, വിവാഹം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലെ അഡ്വാൻസുകൾക്കുള്ള ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് സൗകര്യത്തിന്റെ പരിധി ഒരു ലക്ഷം രൂപയായി ഉയർത്തുകയും, ഇതിന്റെ ഫലമായി 2024-25 സാമ്പത്തിക വർഷത്തിൽ 2.34 കോടി ക്ലെയിമുകൾ ഓട്ടോ മോഡിൽ തീർപ്പാക്കിയതായും ഇപിഎഫ്ഒ പറയുന്നു.