Gold Tax: സ്വര്‍ണാഭരണങ്ങള്‍ക്ക് നികുതിയുണ്ട്: കൈവശം വെക്കുന്നതിന് അനുസരിച്ച് നികുതി നല്‍കണം
Capital Gains Tax on Gold: സ്വര്‍ണത്തിനെല്ലാം നിങ്ങള്‍ക്ക് നികുതി നല്‍കണമെന്നറിയാമോ? പാരമ്പര്യമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതായി ഇന്ത്യയില്‍ കണക്കാക്കുന്നില്ല. അതിനാല്‍ അവയ്ക്ക് മാത്രം നിങ്ങള്‍ നികുതി നല്‍കേണ്ടതില്ലെന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇന്ത്യ. കാരണം, ഇവിടെ വെറും ആഭരണം മാത്രമല്ല സ്വര്‍ണം, അത് സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം പ്രതീകമാണ്. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും വിവാഹത്തിന് ലഭിച്ച മറ്റ് ആഭരണങ്ങളുമെല്ലാം സ്ത്രീകളും പുരുഷന്മാരുമെല്ലാം നിധി പോലെ കാത്തുസൂക്ഷിക്കുന്നു.
എന്നാല്‍ ഈ സ്വര്‍ണത്തിനെല്ലാം നിങ്ങള്‍ക്ക് നികുതി നല്‍കണമെന്നറിയാമോ? പാരമ്പര്യമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതായി ഇന്ത്യയില്‍ കണക്കാക്കുന്നില്ല. അതിനാല്‍ അവയ്ക്ക് മാത്രം നിങ്ങള്‍ നികുതി നല്‍കേണ്ടതില്ലെന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്.
ആഭരണങ്ങള്‍ വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമാണ് നികുതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉദിക്കുന്നുള്ളൂ. ഈ ഘട്ടത്തില്‍ നിങ്ങള്‍ നേടുന്ന ലാഭം മൂലധന നേട്ടമായി കണക്കാക്കുകയും സ്വര്‍ണത്തിന്റെ പൂര്‍ണ മൂല്യത്തിന് അല്ലാതെ അതില്‍ നിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതി ചുമത്തുന്നു.
നിയമ മാറ്റങ്ങള്‍
നേരത്തെ പാരമ്പര്യമായി ലഭിച്ച സ്വര്‍ണം 36 മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ അതിനെ ഹ്രസ്വകാല ആസ്തിയായി കണക്കാക്കിയിരുന്നു. ആ വ്യക്തിയുടെ ആദായ നികുതി സ്ലാബ് അനുസരിച്ച് ഉണ്ടാകുന്ന നേട്ടത്തിന് നികുതി ചുമത്തുകയും ചെയ്യും. 36 മാസത്തില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചാല്‍ അത് ദീര്‍ഘകാലമായി കണക്കാക്കുകയും 20 ശതമാനം നികുതി ചുമത്തുകയും ചെയ്തിരുന്നു.
എന്നാല്‍ 2024 ജൂലൈ 23 മുതല്‍ നിലവില്‍ വന്ന ധനകാര്യ നിയമത്തിലെ മാറ്റങ്ങള്‍ പ്രകാരം, 24 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന സ്വര്‍ണത്തെ നിലവില്‍ ദീര്‍ഘകാല ആസ്തിയായി കണക്കാക്കുന്നു. കൂടാതെ സൂചികയില്ലാതെ നേട്ടങ്ങള്‍ക്ക് 12.5 ശതമാനം നികുതിയും ചുമത്തുന്നു.
Also Read: Gold Coins: സ്വര്‍ണ നാണയവും പണയം വയ്ക്കാം, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം
ഈ സ്വര്‍ണം 24 മാസത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നേട്ടങ്ങള്‍ ഹ്രസ്വകാലത്തേക്കുള്ളതായി കണക്കാക്കി സ്ലാബ് നിരക്കുകളില്‍ നികുതി ചുമത്തും. അതായത്, പാരമ്പര്യമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി ബാധകമല്ലെങ്കിലും, അവ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിന് നികുതി ബാധകമാണ്.