Home Repair Scheme: വീട് റിപ്പയറിന് അപേക്ഷിക്കാന്‍ ജൂലൈ 31 വരെ സമയം; ആര്‍ക്കെല്ലാം ലഭിക്കും
Imbichibava Home Repair Scheme Last Date: മുസ്സിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, അല്ലെങ്കില്‍ ഉപക്ഷേിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി വഴി ധനസഹായം ലഭിക്കും.
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരെയും സ്വപ്‌ന സാക്ഷാത്കാരത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. ഏറെ നാളായി വീടെന്ന മോഹവുമായി നടക്കുന്നൊരാളാണ് നിങ്ങളെങ്കില്‍ ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടും.
മുസ്സിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, അല്ലെങ്കില്‍ ഉപക്ഷേിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി വഴി ധനസഹായം ലഭിക്കും.
ശരിയായ ജനലുകള്‍, വാതിലുകള്‍, ഫ്‌ളോറിങ് ഫിനിഷിങ്, പ്ലംമ്പിങ് സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവ നടത്താത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി 50,000 രൂപ ഒരു വ്യക്തിക്ക് ലഭിക്കും. അപേക്ഷിക്കുന്ന വ്യക്തയുുടെയോ അല്ലെങ്കില്‍ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കൂടരുത്. അപേക്ഷക കുടുംബത്തിലെ വരുമാനദാതാവ് ആയിരിക്കണമെന്നും നിബന്ധനയുണ്ട്.




മുന്‍ഗണന ലഭിക്കുന്നവര്‍
- ബിപിഎല്‍ കുടുംബം
- മാനസിക വൈകല്യം നേരിടുന്നവരുള്ള കുടുംബം
- പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക
- മൈനറായ കുട്ടികളുള്ള അപേക്ഷക
ആവശ്യമായ രേഖകള്‍
- 2025-26 സാമ്പത്തിക വര്‍ഷത്തെ കരം അടച്ച രസീതിന്റെ പകര്‍പ്പ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും പത്ത് വര്‍ഷത്തിനുള്ളില്‍ അപേക്ഷകയ്ക്ക് ഭവന നിര്‍മാണത്തിനോ, പുനരുദ്ധാരണത്തിനോ ധനസഹായം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ
പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31 നുള്ളില്‍ നിങ്ങള്‍ താമസിക്കുന്ന ജില്ലയിലെ കളക്ടറേറ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.