Toll For Two-Wheelers: ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഉണ്ടാകില്ലെന്ന് സർക്കാർ, പ്രചരിച്ചത് വ്യജവാർത്തയെന്ന് നിതിൻ ഗഡ്കരി
No Toll for Two-Wheelers: കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും ഈ വിഷയത്തിൽ പ്രതികരിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകുന്നുണ്ട്.
ന്യൂഡൽഹി: ദേശീയപാതകളിൽ ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ നീക്കം എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അത്തരമൊരു നിർദ്ദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും ഈ വിഷയത്തിൽ പ്രതികരിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകുന്നുണ്ട്. അത്തരമൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനങ്ങളെ ടോളിൽ നിന്നു ഒഴിവാക്കുന്നത് തുടരും. സത്യം പരിശോധന വെറുതെ സെൻസേഷൻ ഉണ്ടാക്കാൻ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് നല്ല പത്രപ്രവർത്തനത്തിന്റെ ലക്ഷണം അല്ല എന്ന് ഗഡ്കരി എക്സിൽ പ്രതികരിച്ചു.
നേരത്തെ ജൂലൈ 15 മുതൽ ദേശീയപാതകളിൽ ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തുമെന്നും ഫാസ്ടാഗ് ഫ്രീ പാസ് നിർത്തലാക്കുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ദേശീയപാതകളിൽ ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇളവുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യാത്രക്കാരുടെ ഭാരം കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇരുചക്രവാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയത്.
ഫാസ്‌ടാഗ് വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ 3,000 രൂപയ്ക്ക്
കഴിഞ്ഞ ആഴ്ച, സ്വകാര്യ വാഹനങ്ങൾക്കായി 3,000 രൂപ നിരക്കിൽ ഫാസ്‌ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. ഇത് തടസ്സരഹിതമായ ഹൈവേ യാത്രയ്ക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 യാത്രകൾക്കോ, ഇവയിലേതാണോ ആദ്യം വരുന്നത് അതുവരെയായിരിക്കും പാസിന്റെ കാലാവധി.