Kerala Budget 2025: വയനാടിന് ആശ്വാസം… 750 കോടി പുനരധിവാസത്തിന്
Wayanad Disaster Rehabilitation: മുണ്ടക്കൈ ചൂരൽമല ദുരന്ത പുനരധിവാസത്തിന് പദ്ധതിയ്ക്കായി ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനം വകയിരുത്തിയത് 750 കോടി. 1202 കോടിയാണ് വയനാട് ദുരിതാഘാതം. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വയാനാടിന് ആശ്വാസമായി കേരള ബജറ്റ് 2025. മുണ്ടക്കൈ ചൂരൽമല ദുരന്ത പുനരധിവാസത്തിന് പദ്ധതിയ്ക്കായി ഇത്തവണത്തെ ബജറ്റിൽ സംസ്ഥാനം വകയിരുത്തിയത് 750 കോടി. 1202 കോടിയാണ് വയനാട് ദുരിതാഘാതം. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അധിക ഫണ്ട് ആവശ്യമായി വന്നാൽ അതും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025-26 ബജറ്റിൽ വയനാടിനെ കേന്ദ്രം കൈയ്യൊഴിഞ്ഞ അവസ്ഥയാണ് കണ്ടത്. കേന്ദ്ര സർക്കാർ തുക അനുവദിക്കുമെന്നാണ് കരുതുന്നതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2025-26 ബജറ്റിൽ വയനാടിന് ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും യാതൊരുവിധ നീക്കവും കാണാൻ സാധിച്ചില്ല. ഇതിൽ കേരളം നിരാശരായിരിക്കെയാണ് സംസ്ഥാന ബജറ്റിൽ 750 കോടി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ 24,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം മുന്നോട്ടുവച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല.
വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പുകളിൽ കൽപറ്റയിലെ ടൗൺഷിപ്പിൽ 5 സെന്റ് പ്ലോട്ടുകളും നെടുമ്പാലയിൽ 10 സെന്റ് പ്ലോട്ടുകളും എന്ന കിഫ്കോണിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. കൽപറ്റയിൽ 467, നെടുമ്പാലയിൽ 266 എന്നിങ്ങനെ പാർപ്പിട യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതി. ഇതിന് ഏകദേശം 632 കോടി രൂപയാണ് ചെലവ് വരിക.
ടൗൺഷിപ്പിൽ താൽപര്യമില്ലാത്ത പട്ടികവർഗ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ താൽപര്യപ്രകാരം വനമേഖലയോടു ചേർന്ന് ഭൂമിയോ അനുവദിക്കുമെന്നാണ് നേരത്തെ സർക്കാർ ഉത്തരവിൽ അറിയിച്ചത്. വയനാട് പുരധിവാസ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സംസ്ഥാന ദുരന്തപ്രതികരണ നിധി, സ്പോൺസർഷിപ്, സിഎസ്ആർ ഫണ്ട്, കേന്ദ്ര സഹായം എന്നിവ പൂർണമായും ഉപയോഗപ്പെടുത്തുമെന്ന് സർക്കാർ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.