Kerala Gold Price: പൊന്ന് വീണ്ടും പിണങ്ങി, സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പണി തന്നത് ഫെഡ് റിസര്‍വ്
Kerala Gold Price Today 31-10-2025: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. സംസ്ഥാനത്ത് സ്വര്‍ണവില 9,000-ലേക്ക് അടുക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചാണ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയ ഒരു കാരണം

സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 89,960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 11,245 രൂപയാണ് നിരക്ക്. 880 രൂപയാണ് പവന് വര്‍ധിച്ചത്. 89,080 രൂപയായിരുന്നു മുന്‍നിരക്ക്. സമീപദിവസങ്ങളില്‍ നിരക്ക് കുറഞ്ഞുകൊണ്ടിരുന്നത് വലിയ ആശ്വാസമായെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും വര്‍ധിച്ച് തുടങ്ങിയത്. ഇന്നലെ രാവിലെ 88,360 ആയിരുന്നു പവന്റെ നിരക്ക്. ഇത് ഉച്ചയ്ക്ക് ശേഷം 89,080 ആയി വര്‍ധിച്ചു. ഇന്ന് നിരക്ക് വീണ്ടും വര്‍ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. പലിശ നിരക്ക് കുറയ്ക്കൽ നടപടികളുമായി യുഎസ് ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോയതാണ് നിരക്ക് വര്‍ധനവിന് കാരണം. പലിശനിരക്ക് കുറച്ചത് ഡോളറിന് തിരിച്ചടിയാണ്. ഇത് അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകും.
ഫെഡ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ സെൻട്രൽ ബാങ്കിന്റെ തീരുമാനത്തെ എതിർത്തെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് അംഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നുവെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വെളിപ്പെടുത്തി. തൊഴില്‍ വിപണിയിലെ മാന്ദ്യം നിരക്ക് കുറയ്ക്കാന്‍ ഫെഡിനെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. ഈ വർഷം തൊഴിൽ വളർച്ച മന്ദഗതിയിലായെന്ന് ഫെഡറല്‍ റിസര്‍വിന്റെ നയപ്രസ്താവന വ്യക്തമാക്കുന്നു.
ഡിസംബറിലും പലിശ നിരക്ക് കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജെറോം പവല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നില്ല. അത് ഇപ്പോഴേ പറയാനാകില്ലെന്നാണ് പവല്‍ വ്യക്തമാക്കിയത്.
അതേസമയം, ഫെഡ് വെട്ടിക്കുറയ്ക്കലിന്റെ വേഗത ഇനി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് ഇക്കണോമിക്സിലെ ഡെപ്യൂട്ടി ചീഫ് യുഎസ് ഇക്കണോമിസ്റ്റ് മൈക്കൽ പിയേഴ്സ് പ്രത്യാശ പ്രകടിപ്പിച്ചു. ഫെഡിന്റെ അടുത്ത മീറ്റിംഗിന് മുമ്പ് ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ജെ പി മോർഗനിലെ ചീഫ് യുഎസ് സാമ്പത്തിക വിദഗ്ദ്ധൻ മൈക്കൽ ഫെറോളിയുടെ വിലയിരുത്തല്‍.
പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം സമയവായത്തിലേക്ക് അടുത്തത്തതാണ് സമീപദിവസങ്ങളില്‍ നിരക്ക് കുറയാന്‍ സഹായിച്ചത്. ഗോള്‍ഡ് ഇടിഎഫിനെ ലാഭമെടുപ്പും ഗുണകരമായി. എന്നാല്‍ വീണ്ടും വര്‍ധിച്ചത് ആഭരണ പ്രേമികള്‍ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്.