Kerala Gold Rate: പൊന്ന് വാങ്ങാമെന്നത് അതിമോഹമാണ് ദിനേശാ; 94,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില
Kerala gold rate 14-10-2025: കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 94,360 രൂപയാണ് വില. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില 94,000 കടക്കുന്നത്. സാധാരണക്കാരന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതാണ് ഈ കുതിച്ചുചാട്ടം. വിശദാംശങ്ങള്‍ നോക്കാം.

സ്വര്‍ണവില
ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 94,000 കടന്നു. ഇന്ന് 94,360 രൂപയാണ് ഒരു പവന് വില. ഒറ്റ ദിവസം കൊണ്ട് പവന് 2400 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 91,960 രൂപയായിരുന്നു നിരക്ക്. ഇന്ന് 92,000 കടക്കുമെന്ന് ഇന്നലത്തെ നിരക്കില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. എന്നാല്‍ 94,000 കടന്നത് തീര്‍ത്തും അപ്രതീക്ഷിതമായി. ഗ്രാമിന് 11,705 രൂപയാണ് പുതിയ നിരക്ക്. പണിക്കൂലിയും, ജിഎസ്ടിയും അടക്കം കണക്കിലെടുക്കുമ്പോള്‍ ഒരു പവന്
ഒരു ലക്ഷത്തോളം രൂപ കൊടുക്കേണ്ടി വരും.
ഗാസയിലെ സമാധാനക്കരാര്‍ സാധ്യമല്ലായിരുന്നെങ്കില്‍ സ്വര്‍ണവില ഇതിലും കുതിച്ചുയരുമായിരുന്നു. പ്രതീക്ഷിക്കുന്നതുപോലെ യുഎസ് ഫെഡ് റിസര്‍വ് പരിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില ഇനിയും പിടിവിട്ട് മുന്നോട്ട് കുതിക്കും. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് മറ്റൊരു പ്രശ്‌നം. യുഎസിലെ ഷട്ട്ഡൗണാണ് മറ്റൊരു ഊരാക്കുടുക്ക്. ദീപാവലി സീസണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടും. ഇതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാം.
യുഎസ്-ചൈന വ്യാപാരസംഘര്‍ഷവും സ്വര്‍ണവില വര്‍ധനവിന് ഇന്ധനം പകരുന്ന ഘടകമാണ്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും വ്യാപാരയുദ്ധത്തിന് അയവു വരുന്നുവെന്ന സൂചനകള്‍ അല്‍പം ആശ്വാസം സമ്മാനിക്കുന്നു. ചൈനയെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസിന്റെ വ്യാപാരയുദ്ധത്തെ പേടിക്കുന്നില്ലെന്ന് പറഞ്ഞ ചൈനയും പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു.
ഇരുരാജ്യങ്ങളും നിലപാടുകള്‍ മയപ്പെടുത്തുന്നത് ശുഭസൂചനയാണെന്നാണ് വിലയിരുത്തല്‍. പുറത്തുവരാനിരിക്കുന്ന റീട്ടെയ്ല്‍ പണപ്പെരുപ്പ കണക്കുകളെക്കുറിച്ചുള്ള ആശങ്കകള്‍, റഷ്യ-യുക്രൈന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങള്‍ വെല്ലുവിളിയായി തുടരുന്നുണ്ട്.
Also Read: 2026-ൽ സ്വർണ്ണ വില എത്രയായിരിക്കും? കുറയുമോ? കൂടുമോ?
ഗാസയിലെ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ അവസാനിച്ചെങ്കിലും റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ കലുഷിതമാവുകയാണ്. യുക്രൈന് തൊമാഹാക്ക് മിസൈലുകള്‍ നല്‍കാനുള്ള യുഎസിന്റെ നീക്കം റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. മിസൈലുകള്‍ കൊടുത്താല്‍ നോക്കിയിരിക്കില്ലെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. സംഘര്‍ഷം കൂടുതല്‍ കത്തിപ്പടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്തൊന്നും കുറയുമെന്ന് പ്രതീക്ഷിക്കേണ്ട.
ഇതിനൊപ്പം, ഏഷ്യയിലടക്കമുള്ള വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതും ഒരു പ്രതിസന്ധിയാണ്. നിരക്കില്‍ നേരിയ ഇടിവെങ്കിലും ഉണ്ടായാല്‍ അത് വലിയ ആശ്വാസമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. സാധാരണക്കാരന് ഒരു ഗ്രാം സ്വര്‍ണം പോലും കിട്ടാക്കനിയാക്കുന്നതാണ് പുതിയ സ്ഥിതിവിശേഷങ്ങള്‍.