New GST: രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; ഇനി മുതൽ രണ്ട് സ്ലാബുകൾ മാത്രം
New GST Rates 2025: പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചിട്ടുണ്ട്. ഇതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് വരുന്നത്. വിലക്കുറവിൻറെ ഗുണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വിപണിയിൽ സർക്കാരിൻ്റെ നിരീക്ഷണം തുടരും.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് പുതുക്കിയ ജിഎസ്ടി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകളിൽ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്കുണ്ടാവുക. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. വിലക്കുറവിൻറെ ഗുണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് വിപണിയിൽ സർക്കാരിൻ്റെ നിരീക്ഷണം തുടരും.
പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചിട്ടുണ്ട്. ഇതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കുറയും. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് വരുന്നത്. മിൽമ നെയ്യ് ഒരു ലിറ്ററിന് 45 രൂപയാണ് ഒറ്റയടിക്ക് കുറയുന്നത്. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ഇനി മുതൽ ലഭ്യമാകും.
വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും
എയർ കണ്ടീഷണറുകൾ: സ്പ്ലിറ്റ് എസികളിൽ 2,800 മുതൽ 5,900 വരെ രൂപയുടെ ഇളവ് ഉണ്ടാകും. വിൻഡോ യൂണിറ്റുകൾക്ക് ഏകദേശം 3,400 രൂപ വരെ ഇളവ് ലഭിക്കും.
ഡിഷ്‌വാഷറുകൾ: 8,000 രൂപ വരെ വിലക്കുറവുണ്ടാകും. എൻട്രി ലെവൽ മോഡലുകൾക്ക് ഏകദേശം 4,000 രൂപ കുറയും.
വലിയ ടെലിവിഷനുകൾ: 32 ഇഞ്ചിൽ കൂടുതലുള്ള മോഡലുകൾക്ക് സ്‌ക്രീൻ വലുപ്പമനുസരിച്ച് 2,500 മുതൽ 85,000 എന്നിങ്ങനെ വിലക്കുറവ് ലഭിക്കും. എൻട്രി ലെവൽ 43 ഇഞ്ച് മോഡലുകൾക്ക് 2,500 മുതൽ 5,000 രൂപ വരെയും, മിഡ് റേഞ്ച് 55-65 ഇഞ്ച് ടിവികൾക്ക് 3,400 മുതൽ 20,000 രൂപ വരെയും, 100 ഇഞ്ച് ഡിസ്‌പ്ലേയുള്ള പ്രീമിയം ടിവികൾക്ക് 85,800 രൂപ വരെയും വൻതോതിൽ വിലക്കുറവ് ലഭിക്കുന്നതാണ്.
ദൈനംദിന അവശ്യവസ്തുക്കൾ
ബാത്ത്റൂമിലേക്കുള്ളവ: ഹെയർ ഓയിൽ, സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയെല്ലാം അഞ്ച് ശതമാനം നികുതി പരിധിയിൽ വരും. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലേക്ക് എത്തും.
ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ: ടാൽക്കം പൗഡർ, ഫേസ് പൗഡർ, ഷേവിംഗ് ക്രീം, ആഫ്റ്റർ ഷേവ് ലോഷനുകൾ എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറഞ്ഞതിനാൽ ഗണ്യമായ വില കുറവുണ്ടാകും.
കുഞ്ഞുങ്ങളുടെ ഉല്പന്നങ്ങൾ: ഡയപ്പറുകളും കുഞ്ഞുങ്ങളുടെ ഭക്ഷണങ്ങൾക്കും വിലകുറയും.