AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Fruit Market: ഷാജിയേട്ടാ ഈ ഓണം അങ്ങ്! നടക്കില്ല കുട്ട്യേ പഴത്തിന് ഡിമാൻഡ് കുറഞ്ഞു

Onam Market Demand 2025: നിലവില്‍ 40 രൂപ വരെയാണ് മൊത്തവിതരണക്കാര്‍ നേന്ത്രപ്പഴം ഒരു കിലോയ്ക്ക് വിലയിടുന്നത്. 48 രൂപയാണ് ചില്ലറ വില്‍പനക്കാരുടെ പക്കലെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 50 രൂപയുണ്ടായിരുന്നു ഒരു കിലോ പഴത്തിന്.

Onam Fruit Market: ഷാജിയേട്ടാ ഈ ഓണം അങ്ങ്! നടക്കില്ല കുട്ട്യേ പഴത്തിന് ഡിമാൻഡ് കുറഞ്ഞു
വാഴക്കുല Image Credit source: Peter Dazeley/ The Image Bank/Getty Images
shiji-mk
Shiji M K | Published: 21 Aug 2025 10:02 AM

ഓണക്കാലം എല്ലാവര്‍ക്കും സമ്മാനിക്കുന്നത് സന്തോഷമാണ്. എന്നാല്‍ എല്ലാ വര്‍ഷവും വലിയ ഡിമാന്‍ഡോടെ മുന്നേറിയിരുന്ന പഴ വിപണി ഇത്തവണ അല്‍പം നിരാശയിലാണ്. ചിങ്ങമാസം വന്നെത്തിയിട്ടും പഴത്തിന് ആവശ്യക്കാരില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സാധാരണ ചിങ്ങമാസം പിറന്നാല്‍ നേന്ത്രപ്പഴത്തിന്റെ വില 65 രൂപയിലേക്ക് എങ്കിലും ഉയരാറുണ്ട്.

വെളിച്ചെണ്ണയുടെ വില വര്‍ധനവ് ചിപ്‌സ് നിര്‍മാണത്തില്‍ ഉണ്ടാക്കിയ ഇടിവാണ് നേന്ത്രപ്പഴ ഡിമാന്‍ഡ് കുറച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് ചിപ്‌സ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം ഉയരുമ്പോള്‍ വില വര്‍ധിക്കുമെന്ന പ്രത്യാശയും വ്യാപാരികള്‍ പങ്കുവെക്കുന്നുണ്ട്.

നിലവില്‍ 40 രൂപ വരെയാണ് മൊത്തവിതരണക്കാര്‍ നേന്ത്രപ്പഴം ഒരു കിലോയ്ക്ക് വിലയിടുന്നത്. 48 രൂപയാണ് ചില്ലറ വില്‍പനക്കാരുടെ പക്കലെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 50 രൂപയുണ്ടായിരുന്നു ഒരു കിലോ പഴത്തിന്.

ചെറുപഴത്തിന് 30 രൂപ വരെയും വില ഈടാക്കുന്നു. ചില്ലറ വില്‍പനക്കാര്‍ 40 രൂപയ്ക്കാണ് ചെറുപഴം വില്‍ക്കുന്നത്. റോബസ്റ്റ പഴത്തിന് ചില്ലറ വില്‍പനക്കാരുടെ വില 35 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഴങ്ങള്‍ വരുന്നത് കര്‍ണാടകയില്‍ നിന്നാണ്. വയനാട്ടില്‍ നിന്നെത്തിയിരുന്ന പഴത്തിന്റെ അളവ് കുറഞ്ഞു.

Also Read: Coconut Oil Price: വെളിച്ചെണ്ണ വില കുറഞ്ഞു! കേരഫെഡിനോ?

ഓണക്കാലം ലക്ഷ്യമിട്ട് ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലും നേന്ത്രവാഴ കൃഷിയുണ്ട്. പാലക്കാട് കുമ്പിടിയിലും കൃഷിയുണ്ട്. ഇവിടെ നിന്നാണ് നാടന്‍ കുലകള്‍ എത്തുന്നത്. ഞാലിപ്പൂവനാണ് പലപ്പോഴും വലിയ ഡിമാന്‍ഡ് ലഭിക്കുന്നത്. അതിനാല്‍ തന്നെ നല്ല വിലയുമുണ്ട്. കിലോയ്ക്ക് 80 രൂപയോളമാണ് ചില്ലറ വില്‍പനക്കാര്‍ ഈടാക്കുന്നത്.

ഉത്പാദനം കുറഞ്ഞതാണ് നിലവില്‍ ഞാലിപ്പൂവന് വിലവര്‍ധിക്കാന്‍ കാരണം. കാലാവസ്ഥയിലുണ്ടായ വ്യതിയാനും വാഴകൃഷിയെ ഉള്‍പ്പെടെ മോശമായി ബാധിച്ചിട്ടുണ്ട്.