Supplyco Onam Offer: 20 കിലോ അരി 25 രൂപ നിരക്കില്‍; എല്ലാ സാധനങ്ങളും വിലക്കുറവില്‍ ലഭ്യമാക്കാന്‍ സപ്ലൈകോ
Onam 2025 Rice Distribution: വെളിച്ചെണ്ണ വില മാത്രമല്ല സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിച്ച് നില്‍ക്കുന്നത്. അരി വിലയും കഴിഞ്ഞ കുറച്ചുനാളുകളായി ക്രമാതീതമായി വില വര്‍ധനവിലൂടെ കടന്നുപോകുകയാണ്.
ഓഫറുകളുടെ പെരുമഴക്കാലം ഒരുക്കുകയാണ് സപ്ലൈകോ. എല്ലാ ഓണക്കാലത്തും ഒട്ടനവധി ഓഫറുകളാണ് സപ്ലൈകോ ഉപഭോക്താക്കളിലേക്ക് എത്തിക്കാറുള്ളത്. ഇത്തവണ കേരള സര്‍ക്കാരിന്റെ മുന്നിലെ ആദ്യ കടമ്പ വെളിച്ചെണ്ണ വില കുറച്ച് വിപണിയിലെത്തിക്കുക എന്നതായിരുന്നു. വിവിധ ബ്രാന്‍ഡുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേര വെളിച്ചെണ്ണയുടെ വില കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
വെളിച്ചെണ്ണ വില മാത്രമല്ല സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിച്ച് നില്‍ക്കുന്നത്. അരിയും കഴിഞ്ഞ കുറച്ചുനാളുകളായി ക്രമാതീതമായി വില വര്‍ധനവിലൂടെ കടന്നുപോകുകയാണ്. എന്നാല്‍ 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍.
ബിപിഎല്‍, എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം തന്നെ ഈ അരി ലഭിക്കും. കാര്‍ഡ് മാറുന്നതിന് അനുസരിച്ച് അരിയുടെ അളവിലോ വിലയിലോ മാറ്റം സംഭവിക്കില്ലെന്ന് സാരം. ഇതിനെല്ലാം പുറമെ ഗ്രാമീണ മേഖലകളിലേക്ക് എത്തുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ ഈ വര്‍ഷ സബ്‌സിഡി ഉത്പന്നങ്ങളും ഉണ്ടായിരിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കുന്നു.




വിപണി കീഴടക്കി മുന്നേറുന്ന ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ സാധ്യമായ നടപടികളെല്ലാം തന്നെ സപ്ലൈകോ സ്വീകരിക്കുന്നുണ്ട്. സാധാരണ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ഓഗസ്റ്റ് 24 വരെ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ പ്രത്യേക ഓഫറും സപ്ലൈകോ ഒരുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെയാണ് ഓഫര്‍ നടക്കുന്ന സമയം.
അതേസമയം, ശബരിയുടെ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തി. പാലക്കാടന്‍ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ, പാലട പായസം മിക്‌സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതുതായി വിപണിയിലെത്തിയ ശബരി ഉത്പന്നങ്ങള്‍.
Also Read: Banana Leaf Price: സദ്യയുണ്ണാന്‍ വാഴയില വേണ്ടേ? വില ഉയരുന്നുണ്ട്, ഓണമാകുമ്പോഴേക്കും എത്രയാകും?
പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് മട്ട അരി സപ്ലൈകോ പുറത്തിറക്കുന്നത്. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള പച്ചരിയാണ് പുട്ടുപൊടിക്കും അപ്പം പൊടിക്കും വേണ്ടി ഉപയോഗിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയില്‍ മിതമായ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.