Dream 11: ‘ഡ്രീം 11’ ഡ്രീമുകള്‍ ഇനി വേണ്ട, ആ ഭാഗ്യാന്വേഷണം അവസാനിപ്പിക്കാം
Dream 11 shuts money games: ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 പാര്‍ലമെന്റില്‍ പാസായതോടെ പണമടച്ചുള്ള എല്ലാ ഗെയിമുകളും അവസാനിപ്പിച്ചിരിക്കുകയാണ് ഡ്രീം 11. ക്യാഷ് ഗെയിമുകള്‍ അവസാനിപ്പിക്കുകയാണെന്നും, ഫ്രീ ഗെയിമുകള്‍ തുടരുമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കുന്നു
ഇന്ന് അല്ലെങ്കില്‍ നാളെ ലോട്ടറിയടിക്കുമെന്ന പ്രതീക്ഷയില്‍ ഭാഗ്യക്കുറി എടുക്കുന്നവരാണ് നമ്മളില്‍ പലരും. ലോട്ടറി അടിച്ചാലും ഇല്ലെങ്കില്‍ പ്രതീക്ഷകളോടെ ഈ ഭാഗ്യാന്വേഷണം തുടരും. ലോട്ടറി പോലെ തന്നെ കായികപ്രേമികള്‍ ഭാഗ്യാന്വേഷണം നടത്തിവന്നിരുന്ന ആപ്ലിക്കേഷനാണ് ഡ്രീം 11. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 പാര്‍ലമെന്റില്‍ പാസായതോടെ പണമടച്ചുള്ള എല്ലാ ഗെയിമുകളും അവസാനിപ്പിച്ചിരിക്കുകയാണ് ഡ്രീം 11. ക്യാഷ് ഗെയിമുകള്‍ അവസാനിപ്പിക്കുകയാണെന്നും, ഫ്രീ ഗെയിമുകള്‍ തുടരുമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കുന്നു.
വരുമാനത്തിന്റെ ഭൂരിഭാഗവും മണി ഗെയിമുകളിലൂടെയാണ് ഡ്രീം 11 പേരന്റ് കമ്പനിയായ ഡ്രീം സ്‌പോര്‍ട്‌സ് സമ്പാദിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ മൂലം ക്യാഷ് ഗെയിമുകള്‍ അവസാനിപ്പിക്കേണ്ടി വന്നത് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കാം.
ജനപ്രീതിക്ക് പിന്നില്‍
ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ ഗെയിമുകളില്‍ പണമടച്ച് ടീമുകള്‍ സൃഷ്ടിക്കുകയായിരുന്നു ഈ ഗെയിമിന്റെ രീതി. ഉപഭോക്താവ് തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ക്ക് പണം ലഭിക്കും. ഉദാഹരണം നോക്കാം. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് സങ്കല്‍പിക്കുക. ഇരുടീമുകളിലും ആ മത്സരത്തില്‍ മികച്ച പ്രകടനം നടത്തുമെന്ന കരുതുന്ന 11 താരങ്ങളെ മത്സരാര്‍ത്ഥി മുന്‍കൂട്ടി തിരഞ്ഞെടുക്കും. ഒടുവില്‍ മത്സരശേഷം മത്സരാര്‍ത്ഥി തിരഞ്ഞെടുത്തത് ആ മത്സരത്തില്‍ തിളങ്ങിയ ഏറ്റവും മികച്ച താരങ്ങളെയാണെങ്കില്‍ ആ വ്യക്തിക്ക് വന്‍ തുക ലഭിക്കും.
ക്രിക്കറ്റിലാണ് ഡ്രിം 11 ഏറ്റവും കൂടുതല്‍ സമ്മാനം നല്‍കുന്നത്. പല ഫീസിലുള്ള മത്സരങ്ങളുണ്ട്. ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മത്സരത്തിന് സാധാരണ 49 രൂപയാണ് ഫീസ്. അതില്‍ തന്നെ ഐപിഎല്‍, ഇന്ത്യയുടെ മത്സരങ്ങള്‍ എന്നിവയ്ക്ക് ഒന്നാം സമ്മാനം ഒരു കോടിയിലും വര്‍ധിക്കും. മലയാളികള്‍ക്കടക്കം ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ഇത് മലയാളികള്‍ക്കിടയിലും ഗെയിമിന്റെ ജനപ്രീതി വര്‍ധിച്ചു.
2008-ൽ ഹർഷ് ജെയിനും ഭവിത ഷെത്തും ചേർന്ന് സ്ഥാപിച്ച കമ്പനി വളരെ പെട്ടെന്നാണ് വിജയമായത്. 280 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായി മാറി. 2024 സാമ്പത്തിക വർഷത്തിൽ 9,600 കോടി വരുമാനം റിപ്പോർട്ട് ചെയ്തു. ഐപിഎല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടങ്ങിയവയുടെ സ്‌പോണ്‍സര്‍മാരായി.
വെല്ലുവിളി
ചിലരെ രക്ഷപ്പെടുത്തിയെന്ന് കരുതാമെങ്കിലും, നിരവധി പേര്‍ക്ക് പണം നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്നതാണ് ഇത്തരം ഗെയിമുകള്‍. ഗെയിം അഡിക്ഷന്‍ മൂലം നിയന്ത്രണമില്ലാതെ പണം ചെലവാക്കുന്നതാണ് ഇതിലെ വെല്ലുവിളി.
‘സ്‌കില്‍ ബേസ്ഡ്’ ഗെയിമുകള്‍ എന്നത് കണക്കിലെടുത്താണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇത്രയും നാള്‍ നിയമസാധുത ലഭിച്ചത്. എന്നാല്‍ പുതിയ ബില്‍ അത്തരം ഇളവുകള്‍ നല്‍കുന്നില്ല. അതുകൊണ്ട് തന്നെയാണ് പണാധിഷ്ഠിത ഗെയിമുകള്‍ കമ്പനി അവസാനിപ്പിച്ചത്. മൈ 11 സര്‍ക്കിള്‍, ഹൗസാറ്റ്, വിന്‍സോ, ജങ്ക്‌ലി ഗെയിംസ് തുടങ്ങിയവയ്ക്കും പണാധിഷ്ഠിത ഗെയിമുകള്‍ അവസാനിപ്പിക്കേണ്ടി വരും. ഡ്രീം 11 ആദ്യം നടപടിയെടുത്തെന്ന് മാത്രം.
ഇനിയെന്ത് ചെയ്യും?
കേന്ദ്രസര്‍ക്കാരിന്റെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളുടെ നീക്കം. ഇതിനുള്ള സാധ്യതകള്‍ കമ്പനികള്‍ നിയമവിദഗ്ധരുമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
മണി ഗെയിമുകള്‍ അവസാനിപ്പിക്കേണ്ടി വന്നാലും, ഡ്രീം സ്‌പോര്‍ട്‌സ് മറ്റ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഫാൻകോഡ്, സ്‌പോർട്‌സ് ഡ്രിപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ശക്തിപ്പെടുത്താനാണ് നീക്കം. ഒപ്പം ക്രിക്ക്ബസ്, വില്ലോ ടിവി എന്നിവയിലെ നിക്ഷേപങ്ങളിലും കമ്പനിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നത് ജീവനക്കാരെ ബാധിക്കുമോയെന്ന് കണ്ടറിയണം. ചെലവ് ചുരുക്കല്‍ നടപടികള്‍, പിരിച്ചുവിടലുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.