Indian Rupee: റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 90 കടന്നു
Indian Rupee Crashes: രൂപയുടെ മൂല്യം ഇടിഞ്ഞത് പണപ്പെരുപ്പത്തെയും വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ഇതോടെ സെന്‍സെക്‌സ് ഏകദേശം 200 പോയിന്റ് കുറഞ്ഞു.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ 90 കടന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 90.13 എന്ന റെക്കോഡ് നില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 89.9475ല്‍ നിന്നും വീണ്ടും രൂപ താഴോട്ട് വീഴുകയായിരുന്നു. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചതും പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് ആഭ്യന്തര ഓഹരി വിപണികളെയും ബാധിച്ചു. നിഫ്റ്റി സൂചിക 26,000 മാര്‍ക്കിനും താഴെയായി. ഇത് നിക്ഷേപകരില്‍ ആശങ്ക നിറയ്ക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞത് പണപ്പെരുപ്പത്തെയും വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ഇതോടെ സെന്‍സെക്‌സ് ഏകദേശം 200 പോയിന്റ് കുറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ വ്യക്തത വരാത്തതും സ്ഥിതി മോശമാക്കി. ആഗോള സാമ്പത്തിക അന്തരീക്ഷം നിലവില്‍ യുഎസ് ഡോളറിന് അനുകൂലമായാണ് ഉള്ളത്. ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നതും ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് സാധാരണക്കാരെയും ബാധിക്കും. അസംസ്‌കൃത എണ്ണ, ഇലക്ട്രോണിക്‌സ്, വ്യാവസായി ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി ചെലവ് വര്‍ധിക്കാനിടയുണ്ട്.
Also Read: RBI MPC Meeting: പലിശ നിരക്ക് കുറയും? ആര്‍ബിഐ എംപിസി യോഗത്തില്‍ എന്തെല്ലാം പ്രതീക്ഷിക്കാം
അതേസമയം, വെള്ളിയാഴ്ച (ഡിസംബര്‍ 5) ആര്‍ബിഐ നയ പ്രഖ്യാപനത്തില്‍ രൂപ നേരിടുന്ന തകര്‍ച്ചയെ തടയാന്‍ കേന്ദ്ര ബാങ്ക് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാകും. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം മാത്രം ഏകദേശം 17 ബില്യണ്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.