Price Hike: തക്കാളി, തേങ്ങ, വെളിച്ചെണ്ണ പുലികളല്ലേ! അയ്യപ്പന്മാര്‍ക്ക് മുന്നേ മലകയറി ഇവര്‍
Sabarimala Pilgrimage Season Vegetable Price Hike: പച്ചക്കറികള്‍ക്ക് പുറമെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയും ഉയരുന്നുണ്ട്. കെട്ടുനിറയ്ക്കാന്‍ ഉള്‍പ്പെടെ ആവശ്യമായ തേങ്ങ വില ഉയരുന്നത് അയ്യപ്പന്മാര്‍ക്ക് തിരിച്ചടിയാകുന്നു.
ശബരിമല മണ്ഡലകാലം ആരംഭിച്ചതിന് പിന്നാലെ മല കയറി പച്ചക്കറി വില. മഴക്കെടുതിയും കൃഷിനാശവും സംസ്ഥാനത്ത് വീണ്ടും പച്ചക്കറി വില കുതിക്കുന്നതിന് കാരണമാകുന്നു. തക്കാളി, മുളക്, മുരിങ്ങക്കായ തുടങ്ങിയ പച്ചക്കറികളാണ് വിലയില്‍ കുതിക്കുന്നത്. ഡിസംബര്‍ അവസാനം വരെ വില കുതിപ്പ് തുടരുമെന്ന് വ്യാപാരികള്‍ പറയുന്നു.
പച്ചക്കറികള്‍ക്ക് പുറമെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയും ഉയരുന്നുണ്ട്. കെട്ടുനിറയ്ക്കാന്‍ ഉള്‍പ്പെടെ ആവശ്യമായ തേങ്ങ വില ഉയരുന്നത് അയ്യപ്പന്മാര്‍ക്ക് തിരിച്ചടിയാകുന്നു. മണ്ഡലകാലത്ത് പച്ചക്കറിയിലും തേങ്ങിയിലുമെല്ലാം ഉണ്ടാകുന്ന വില വര്‍ധനവ് സാധാരണമാണെങ്കിലും ഇത്തവണ വില പ്രതീക്ഷിച്ചതിലും അധികം ഉയര്‍ന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
തേങ്ങ, വെളിച്ചെണ്ണ വില
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 325 രൂപയാണ് ഉയര്‍ത്തിയത്. കേരളത്തില്‍ വെളിച്ചെണ്ണയുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 100 രൂപയാണ് കൊപ്രയ്ക്ക് വര്‍ധിച്ചത്. ശബരിമല സീസണ്‍, അതോടൊപ്പം തന്നെ ക്രിസ്തുമസ് കാലത്തെ വില്‍പന എന്നിവയെല്ലാം വെളിച്ചെണ്ണയ്ക്ക് ആവേശം പകരുമെന്നാണ് വിലയിരുത്തല്‍.




വെളിച്ചെണ്ണ ക്വിന്റലിന് നിലവില്‍ 34,600 രൂപയും, കൊപ്രയ്ക്ക് 21,200-21,400 രൂപയുമാണ് വില. തേങ്ങ കിലോയ്ക്ക് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും 60 മുതല്‍ 80 രൂപ വരെ വിലയുണ്ട്. എന്നാല്‍ പ്രമുഖ നഗരങ്ങളില്‍ 100 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് 400 ന് മുകളില്‍ വിലയുണ്ട്. വ്യാപാരികള്‍ വില ഉയര്‍ത്തുകയാണെങ്കില്‍ വൈകാതെ 500 കടക്കുമെന്നാണ് വിലയിരുത്തല്‍.
പച്ചക്കറി വില
തക്കാളി വിലയാണ് കേരളത്തില്‍ കുതിക്കുന്നത്. ഒരാഴ്ചയ്ക്കിടെ പത്തും പതിനഞ്ചും വെച്ചാണ് വില വര്‍ധിച്ചത്. ഹൈബ്രിഡ് തക്കാളിയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ വരെയെത്തി വില. എന്നാല്‍ ചെറുകിട വ്യാപാരികള്‍ 70 രൂപയോളമാണ് ഈടാക്കുന്നത്. മുരിങ്ങക്കായയുടെ വില തക്കാളിയേക്കാള്‍ മുന്നിലാണ് 420 രൂപയാണ് തെക്കന്‍ കേരളത്തില്‍ വില. മലബാറില്‍ 400 ലാണ് വ്യാപാരം.
എന്നാല്‍ സവാള വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. 25 രൂപ നിരക്കിലാണ് പലയിടത്തും വ്യാപാരം. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന വെളുത്തുള്ളിയ്ക്ക് നിലവില്‍ 150 രൂപയാണ് വില. ഉരുളക്കിഴങ്ങിനും വില കുറഞ്ഞു. 25 രൂപ മുതല്‍ 50 രൂപ വരെയാണ് നിരക്ക്.