Silver: രണ്ട് ലക്ഷത്തിൽ നിൽക്കില്ല, 2026 ‘വെള്ളി’ക്കാലം; നേട്ടം ഇക്കൂട്ടർക്ക്
Silver Price 2026: സോളാർ, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശക്തമായ വ്യാവസായിക ഡിമാൻഡ് വെള്ളി വിലയ്ക്ക് കരുത്ത് നൽകുന്നുണ്ട്. വിപണിയിൽ ക്ഷാമം ഉണ്ടാകുമെന്ന പ്രവചനങ്ങളും വെള്ളി വിലയുടെ കുതിപ്പിന് കാരണമാകുന്നു.

Silver Rate
റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും വില കുതിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഒരു പവൻ എന്ന മാന്ത്രിക സംഖ്യ പിന്നിടും ഇനി കുറച്ച് ദൂരമേയുള്ളൂ. പൊന്നിന് കൂട്ടായി പിന്നാലെ വെള്ളിയും ഉണ്ട്. കഴിഞ്ഞ ദിവസം ഒരു കിലോയ്ക്ക് രണ്ട് ലക്ഷം എന്ന ചരിത്രവില വെള്ളി പിന്നിട്ടിരുന്നു. ഇനിയെന്ത് എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും നിക്ഷേപകരും.
അതേസമയം, നിലവിൽ വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കിലോയ്ക്ക് 5,000 രൂപയുടെ വർദ്ധനവുണ്ടായെങ്കിൽ ഇന്ന് വില താഴ്ന്നിരിക്കുകയാണ്. നിലവിൽ, ഒരു കിലോ വെള്ളിക്ക് 3,900 രൂപ കുറഞ്ഞ് 1,99,100 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും (MCX) വെള്ളി ഫ്യൂച്ചറുകൾ ഇടിഞ്ഞു. മാർച്ച് 5 കാലാവധിയുള്ള വെള്ളി ഫ്യൂച്ചറുകൾ 1.15% കുറഞ്ഞ് കിലോയ്ക്ക് 1,95,620 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വില മുന്നേറ്റത്തിന് കാരണം
സോളാർ, ഇലക്ട്രിക് വാഹനങ്ങൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ശക്തമായ വ്യാവസായിക ഡിമാൻഡ് വെള്ളി വിലയ്ക്ക് കരുത്ത് നൽകുന്നുണ്ട്.
ഡിമാൻഡിനനുസരിച്ച് വിതരണം നടക്കാത്തതും വിലയെ ബാധിക്കുന്നു. ആഗോളതലത്തിൽ വെള്ളി സ്റ്റോക്കുകൾ കുറയുന്നതും, അടുത്ത വർഷം വിപണിയിൽ ക്ഷാമം ഉണ്ടാകുമെന്ന പ്രവചനങ്ങളും വെള്ളി വിലയുടെ കുതിപ്പിന് കാരണമാകുന്നു.
2026 ജനുവരി മുതൽ വെള്ളി കയറ്റുമതിയിൽ ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം ആഗോള വിതരണത്തെ സാരമായി ബാധിച്ചേക്കാം. ഇതും വിലയെ സ്വാധീനിക്കും.
2026ൽ എന്ത്?
വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വില ഇനിയും മുന്നേറുമെന്നാണ് പ്രവചനങ്ങൾ. ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, MCX വെള്ളി 1,94,500 രൂപ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, 1,99,500 രൂപയ്ക്കും 2,00,000 രൂപയ്ക്കും ഇടയിലുള്ള സോണിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
2026-ഓടെ വെള്ളി വില 2.40 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്കുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ സൂചിപ്പിക്കുന്നത്. വില മുന്നേറ്റം നിക്ഷേപകർക്ക് നേട്ടമാവുകയാണ്. 1,70,000 രൂപയ്ക്കും 1,78,000 രൂപയ്ക്കും ഇടയിലുളള ഘട്ടങ്ങളിൽ ഇടിവ് എത്തിയാല്‍ വാങ്ങാനുള്ള അവസരമായി കാണണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.