Supplyco: ഒരു കിലോ പഞ്ചസാര വെറും 5 രൂപയ്ക്ക്; വമ്പൻ ഓഫറുമായി സപ്ലൈകോ
Supplyco Special Offers: പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരിയും നൽകും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Supplyco
തിരുവനന്തപുരം: അമ്പതാം ജന്മദിനത്തിൽ ഉപഭോക്താക്കൾക്ക് ഓഫറുകളുമായി സപ്ലൈകോ. നവംബർ ഒന്ന് മുതൽ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങും. ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക് വാങ്ങാവുന്നതാണ്. 1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക.
500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് ടീ 61.50 രൂപയ്ക്ക് വാങ്ങാം. കൂടാതെ, നവംബർ ഒന്ന് മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: ക്രിസ്മസിന് സാധനങ്ങൾക്ക് വില കൂടില്ല, സപ്ലൈകോയ്‌ക്ക് 50 കോടി രൂപ കൂടി
നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് സപ്ലൈകോ പുത്തൻ ഓഫറുകൾ. പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരിയും നൽകും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കൂടാതെ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു സർക്കാർ സ്ഥാപനം എന്നതിനപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.