Tesla India Recruitment: മോദി-മസ്ക് കൂടിക്കാഴ്ചക്ക് ഗുണം; ടെസ്ല ഇന്ത്യയിൽ റിക്രൂട്ട്മെൻ്റ് ആരംഭിച്ചു
ഡൽഹിയിലും മുംബൈയിലും അഡ്വൈസർ, സർവ്വീസ് ടെക്നീഷ്യൻ ഉൾപ്പെടെ കുറഞ്ഞത് 10 ജോലികളെങ്കിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യയിൽ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ടെസ്ല. കമ്പനിയുടെ ലിങ്ക്ഡ്- ഇൻ പേജിൽ ഇത് സംഭബന്ധിച്ച് 5 പുതിയ ഒഴിവുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ടെസ്‌ലയുടെ ഭാവി നിക്ഷേപങ്ങൾക്ക് മോദിയുമായുള്ള കൂടിക്കാഴ്ച വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിലും മുംബൈയിലും അഡ്വൈസർ, സർവ്വീസ് ടെക്നീഷ്യൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ജോലികളെങ്കിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളാണ് പ്രധാനമായും മുംബൈയിലുള്ള ഒഴിവുകൾ.
ജോലികളുടെ പട്ടിക
1. ഇൻസൈഡ് സെയിൽസ് അഡ്വൈസർ
2. കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ
3. കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്
4. സർവ്വീസ് അഡ്വൈസർ
5. ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്
6. സർവീസ് മാനേജർ
7. ടെസ്‌ല അഡ്വൈസർ
8. പാർട്സ് അഡ്വൈസർ
9. ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്
10.സ്റ്റോർ മാനേജർ
11. സർവീസ് ടെക്നീഷ്യൻ
ടെസ്‌ല ഇന്ത്യയിൽ
ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാൻ ടെസ്ലക്ക് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നുവെങ്കിലും ഇലക്ട്രിക് കാറുകൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയതിനാൽ അത് കമ്പനിക്ക് വെല്ലുവിളിയായിരുന്നു. ഉയർന്ന താരിഫ് സംബന്ധിച്ച് മസ്‌ക് വളരെക്കാലമായി പരാതിപ്പെടുന്നുണ്ടായിരുന്നു, ഇതാണ് തുടക്കത്തിൽ ടെസ്‌ലയെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞത്.
എന്നാൽ 40,000 യുഎസ് ഡോളറിൽ കൂടുതൽ വിലയുള്ള വിലകൂടിയ കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഇന്ത്യ കുറച്ചതോടെ ഗുണകരമായി. 2070 ഓടെ ഇന്ത്യ നെറ്റ്-സീറോയിലേക്ക് നീങ്ങുമ്പോൾ ഡീ-കാർബണൈസേഷൻ എന്ന രാജ്യത്തിൻ്റെ ലക്ഷ്യം കൂടിയാണ് നടപ്പാവുക.