സുകന്യ സമൃദ്ധിയോ എസ്‌ഐപിയോ? കൂടുതല്‍ നേട്ടം ആര് നല്‍കും?
SIP vs Sukanya Samriddhi Yojana: പത്ത് വയസുവരെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് സ്‌കീമിന്റെ ഭാഗമാകേണ്ടത്. പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്താം.

പ്രതീകാത്മക ചിത്രം
പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ വ്യത്യസ്ത സമ്പാദ്യ പദ്ധതികളില്‍ അംഗമാകാറുണ്ട്. അതിന് അവരെ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്ന് സുകന്യ സമൃദ്ധി യോജന. 2015ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പെണ്‍കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സുകന്യ സമൃദ്ധി യോജന
പത്ത് വയസുവരെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് സ്‌കീമിന്റെ ഭാഗമാകേണ്ടത്. പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്താം. 250 രൂപയാണ് പ്രതിവര്‍ഷത്തെ കുറഞ്ഞ നിക്ഷേപം. എന്നാല്‍ ഒന്നരലക്ഷം രൂപ വരെ നിങ്ങള്‍ക്ക് ഓരോ വര്‍ഷവും കുട്ടികളുടെ പേരില്‍ ഇടാവുന്നതാണ്.
8.2 ശതമാനം പലിശയാണ് സുകന്യ സമൃദധി യോജന വാഗ്ദാനം ചെയ്യുന്നത്. 15 വര്‍ഷമാണ് നിക്ഷേപ കാലയളവ്. പെണ്‍കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവയാണ് പദ്ധതിയില്‍ ഭാഗമാകാന്‍ വേണ്ടത്. നിങ്ങള്‍ നിക്ഷേപിച്ച മുഴുവന്‍ തുകയ്ക്കും ആദായനികുതി ഇളവുകള്‍ ലഭിക്കുന്നതാണ്.
ആദ്യത്തെ 15 വര്‍ഷം മാത്രമേ നിക്ഷേപം നടത്താന്‍ സാധിക്കൂ. 21 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം പണം പിന്‍വലിക്കാം. മകള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോഴോ അല്ലെങ്കില്‍ പത്താം ക്ലാസ് പാസാകുമ്പോഴോ 50 ശതമാനം തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. എന്നാല്‍ പെണ്‍കുട്ടി 18 വയസില്‍ വിവാഹിതയാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.
എസ്‌ഐപി
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. വിപണിയിലെ പ്രകടനങ്ങള്‍ക്ക് അനുസൃതമായാണ് എസ്‌ഐപിയില്‍ പണം വളരുന്നത്. 100 രൂപ മുതല്‍ നിങ്ങള്‍ക്ക് ചില ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ സാധിക്കും.
Also Read: Investment: 5 കോടിയുണ്ടാക്കാന്‍ 2,000 മതി; എവിടെ പണം നിക്ഷേപിക്കണം?
പ്രതിമാസം 1,000 രൂപ വീതം നിങ്ങള്‍ക്ക് 20 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 9.68 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക. 12 ശതമാനം ശരാശരി റിട്ടേണാണ് ഇവിടെ കണക്കാക്കുന്നത്. ഇതേകാലയളവില്‍ 12,000 രൂപ വീതം സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപം 20 വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്നത് 6.07 ലക്ഷം രൂപയാണ്.