Ujala Success Story: കടം വാങ്ങിയ 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്; ‘നാല് തുള്ളി വെണ്മ’യുടെ കഥ
Ujala Success Story: 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക് പടർന്നിറങ്ങിയ ഉജാല. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് കുതിച്ചുയർന്ന ആ നീല വിസ്മയത്തിന്റെ കഥ അറിയാം....
വെറും നാല് തുള്ളിയുടെ മാജിക്കിലൂടെ ഇന്ത്യൻ വീടുകളിലേക്ക് പടർന്നിറങ്ങിയ ബ്രാൻഡ്, കടം വാങ്ങിയ 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക് പടർന്നിറങ്ങിയ ഉജാല. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് കുതിച്ചുയർന്ന ആ നീല വിസ്മയത്തിന്റെ കഥ അറിയാം….
എം.പി രാമചന്ദ്രൻ
തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി ഗ്രാമത്തിലെ എം.പി രാമചന്ദ്രൻ എന്ന വ്യക്തിയാണ് ഉജാലയുടെ പിറവിക്ക് പിന്നിൽ. ബികോമിൽ ഡിഗ്രി പൂർത്തിയാക്കി അക്കൗണ്ടിങ്ങിലെ ഉന്നത പഠനത്തിന് ശേഷം 1971ലാണ് രാമചന്ദ്രൻ മുംബൈയിൽ എത്തിയത്. ആദ്യം വിദ്യാഭ്യാസ ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയിലായിരുന്നു തുടക്കം. പിന്നീട് 150 രൂപ ശമ്പളത്തിൽ മുംബൈയിലെ കെമിക്കൽ കമ്പനിയിൽ ജോലിക്ക് കയറി. ഇതിനിടെ ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും നേടി.
തൊഴിലില്ലായ്മയിൽ നിന്നുയർന്ന നീല മാജിക്
1981ഓടെ ജോലി ചെയ്തിരുന്ന കമ്പനി പ്രതിസന്ധിയിലാവുകയും പൂട്ടുകയും ചെയ്തു. അതോടെ ജീവിതം വഴിമുട്ടി, സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു. വെള്ള വസ്ത്രങ്ങളായിരുന്നു അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്നത്. നീലത്തിന്റെ കട്ട അലിയിച്ച വെള്ളത്തിൽ കഴുകിയ തുണി മുക്കിയാണ് വസ്ത്രത്തിന് വെണ്മ നൽകിയിരുന്നത്. എന്നാൽ അക്കാലത്ത് വിപണിലുണ്ടായിരുന്ന പൊടിനീലങ്ങൾക്ക് നിലവാരമുണ്ടായിരുന്നില്ല. ഇവ വസ്ത്രങ്ങളുടെ മടക്കുകളിൽ പറ്റിപിടിച്ച് നീല അംശം അവശേഷിപ്പിച്ചിരുന്നു. ഇവിടെ ഒരു ബിസിനസ് അവസരം അദ്ദേഹം കണ്ടെത്തി. ദ്രാവക രൂപത്തിൽ നീലം ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചു.
ബിസിനസ് ആരംഭം
1983ലാണ് രാമചന്ദ്രൻ തന്റെ ആദ്യ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. സഹോദരനിൽ നിന്ന് കടമായി വാങ്ങിയ 5000 രൂപയിൽ തൃശ്ശൂരിൽ ചെറിയ ഫാക്ടറി തുടങ്ങുന്നു. മൂത്ത മകളുടെ പേരായിരുന്നു ആ സംരംഭത്തിന് അദ്ദേഹം നൽകിയത്, ജ്യോതി ലബോറട്ടറീസ്. വസ്ത്രങ്ങളിൽ നീല പാടുകൾ അവശേഷിപ്പിക്കാതെ വെണ്മ നൽകുന്ന തുള്ളി നീലം ആളുകൾക്ക് പ്രിയപ്പെട്ടതായി.
പലതരം രാസവസ്തുക്കളും നിറങ്ങളും ചേർത്ത് ഏകദേശം ഒരു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് ഉജാല എന്ന നീല വിസ്മയം പിറവി കൊണ്ടത്. തൃശ്ശൂരിൽ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഉല്പാദനം. വീടുവീടാന്തരം കയറിയിറങ്ങി വില്പന നടത്താൻ ആറ് സ്ത്രീകളുടെ സംഘത്തെ നിയോഗിച്ചു. തുടർന്ന് സ്വന്തമായി ബോട്ടിൽ ഉല്പാദനം നടത്തി. വരുമാനം ലഭിച്ചതോടെ കേരളത്തിനു പുറത്തേക്ക് ബിസിനസ് വ്യാപിപ്പിച്ചു.
വിപണി കീഴടക്കിയ നീല വിസ്മയം
റോബിൻ ബ്ലൂ, റാണിപാൽ തുടങ്ങി നിരവധി എതിരാളികളെ വിപണിയിൽ നേരിടേണ്ടി വന്നു. എന്നാൽ പൊടികൾ കറകളും കുത്തുകളും അവശേഷിപ്പിക്കുമ്പോള്‍ തുള്ളിനീലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉജാലയ്ക്ക് കഴിഞ്ഞു.
1999ൽ ഉജാലയിൽ നിന്നും100 കോടി രൂപയുടെ വിറ്റുവരവ് നേടാൻ കഴിഞ്ഞു. നിരവധി മൂലധന നിക്ഷേപങ്ങൾ കമ്പനിക്ക് ലഭിച്ചു. 2007ൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു. ഇന്ന് എക്സോ, മാക്സോ തുടങ്ങി നിരവധി ഉല്പന്നങ്ങൾ ജ്യോതി ലാബ്സിന്റേതായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാക്ടറികളുണ്ട്. 2011ൽ നഷ്ടത്തിലായിരുന്ന ഹെങ്കൽ ഇന്ത്യയെ ഏറ്റെടുത്ത് ലാഭകരമാക്കാൻ എം.പി രാമചന്ദ്രന് സാധിച്ചു.
ഇന്ന് ജ്യോതി ലാബ്സിന്റെ മൊത്തം വരുമാനം ഏകദേശം ₹2,850 കോടിയാണ്. അതിൽ, ഉജ്ജ്വല ബ്രാൻഡിൽ നിന്ന് ഏകദേശം ₹850–₹900 കോടി വരെ വരുമാനം ഉണ്ടെന്നാണ് റിപ്പോർട്ട്.