Salary and PF Change: അലവന്‍സെല്ലാം പോകും, 15,000 ത്തിന് താഴെ ബേസിക് പേ ഉള്ളവര്‍ക്ക് നഷ്ടമാകുന്നത് ഇത്രയും തുക
Labour Code Salary Impact: പുതിയ കോഡില്‍ പറയുന്നത് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എന്നത് ആകെ സിടിസിയുടെ 50 ശതമാനമായിരിക്കണം, ഇതില്‍ കുറവ് വരികയാണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശതമാനം നല്‍കേണ്ടി വരും എന്നാണ്.
പുതിയ ലേബര്‍ കോഡ് വന്നതിന് പിന്നാലെ കുറേയേറെ കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ആശ്വാസം ഉണ്ടായെങ്കിലും, എല്ലാ മാറ്റങ്ങളും അത്ര ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. പുതിയ ലേബര്‍ കോഡ് പ്രകാരം കയ്യിലേക്ക് എത്തുന്ന ശമ്പളത്തില്‍ വലിയ കുറവാണ് സംഭവിക്കാന്‍ പോകുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പുതിയ ലേബര്‍ കോഡ് മുന്നോട്ടുവെക്കുന്നുണ്ട്. അതിനാല്‍ തന്നെ പ്രൊവിഡന്റ് ഫണ്ട് വിഹിതവും ഉയരും, ഈ സാഹചര്യത്തിലാണ് ശമ്പളത്തില്‍ കുറവുവരുന്നത്.
പുതിയ കോഡില്‍ പറയുന്നത് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം എന്നത് ആകെ സിടിസിയുടെ 50 ശതമാനമായിരിക്കണം, ഇതില്‍ കുറവ് വരികയാണെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശതമാനം നല്‍കേണ്ടി വരും എന്നാണ്. എന്നാല്‍ അടിസ്ഥാന ശമ്പളം കുറച്ച് അലവന്‍സുകള്‍ ഉയര്‍ത്തുന്ന സമീപനമാണ് പല കമ്പനികളും സ്വീകരിക്കുന്നത്. അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് പിഎഫും ഗ്രാറ്റുവിറ്റിയും നല്‍കുന്നത്. അധിക ബാധ്യത കുറയ്ക്കുകയാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.
എന്നാലിത് അവസാനിപ്പിച്ച് സര്‍ക്കാര്‍ നിര്‍ദേശിച്ച രീതിയില്‍ ശമ്പളം നല്‍കുകയാണെങ്കില്‍ അടിസ്ഥാന ശമ്പളം ഉയരും, എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അലവന്‍സിലും ഗ്രാറ്റുവിറ്റി തുകയിലും മാറ്റം സംഭവിക്കും. അലവന്‍സ് കുറയുമ്പോള്‍ ഗ്രാറ്റുവിറ്റി ഉയരുകയാണ് ഇവിടെ ചെയ്യുന്നത്. കാരണം നിങ്ങള്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്ത വര്‍ഷങ്ങളും അടിസ്ഥാന ശമ്പളവും കണക്കാക്കിയാണ് ഗ്രാറ്റുവിറ്റി നല്‍കുന്നത്.




അടിസ്ഥാന ശമ്പളം ഉയര്‍ന്നാല്‍
സിടിസിയുടെ 50 ശതമാനമാക്കി അടിസ്ഥാന ശമ്പളം മാറിയാല്‍, നിങ്ങളുടെ കമ്പനി പിഎഫ് വിഹിതവും ഗ്രാറ്റുവിറ്റിയും ഉയരും. എന്നാല്‍ പിഎഫ് തുക ഉയരുന്നത് മാസത്തില്‍ കയ്യിലെത്തുന്ന തുകയില്‍ ചെറിയ കുറവുവരുത്തും.
പുതിയ നിയമം അനുസരിച്ച് കമ്പനികള്‍ക്ക് ശമ്പളത്തിന്റെ ഭൂരിഭാഗവും ഒരിക്കലും അലവന്‍സുകളായി നല്‍കാന്‍ സാധിക്കില്ല. അടിസ്ഥാന ശമ്പളം കുറച്ച് അലവന്‍സുകള്‍ നല്‍കിയാണ്, കമ്പനികള്‍ ശമ്പളം നല്‍കിയിരുന്നത്. അലവന്‍സുകള്‍ 50 ശതമാനത്തില്‍ കൂടുതലായാല്‍, ബാക്കിവരുന്ന തുക അടിസ്ഥാന ശമ്പളമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് എല്ലാവരെയും ഒരുപോലെ ബാധിക്കുന്നതല്ല. കൂടുതല്‍ അലവന്‍സ് വാങ്ങിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം വാങ്ങിക്കുന്നവര്‍ക്ക് കനത്ത അടിയാണ് പുതിയ നിയമം നല്‍കുന്നത്.
15,000 രൂപയില്‍ കുറവാണ് നിങ്ങള്‍ ഇപ്പോള്‍ വാങ്ങിക്കുന്ന അടിസ്ഥാന ശമ്പളമെങ്കില്‍, പുതിയ നിയമം അനുസരിച്ച് പിഎഫ് വിഹിതം ഉയരും. പിഎഫിലേക്കുള്ള ജീവനക്കാരന്റെ വിഹിതം ശമ്പളത്തില്‍ നിന്നാണ് കുറയുന്നത്, അങ്ങനെയെങ്കില്‍ മാസം ലഭിക്കുന്ന ശമ്പളത്തിലും കുറവ് സംഭവിക്കും. എന്നാല്‍ ഇവിടെ നിങ്ങളുടെ സിടിസിയില്‍ മാറ്റം വരുന്നില്ല.
Also Read: New Gratuity Rule: ഒരു വർഷം ജോലിക്ക് ഇനി ഇവർക്കും ഗ്രാറ്റുവിറ്റി, എത്ര രൂപ കിട്ടും?
അടിസ്ഥാന ശമ്പളം 15,000 രൂപയിലും കൂടുതലാണെങ്കില്‍ വലിയ ആഘാതം ഉണ്ടാകുന്നില്ല. 15,000 രൂപയുടെ 12 ശതമാനമാണ് പിഎഫ് വിഹിതം. അതിനാല്‍ 15,000 രൂപയിലും കൂടുതല്‍ അടിസ്ഥാന ശമ്പളമുണ്ടെങ്കിലും, പിഎഫ് വിഹിതം കണക്കാക്കുന്നത് 15,000 രൂപയിലാണ്. നിങ്ങള്‍ക്ക് അപ്പോഴും 15,000 രൂപയുടെ 12 ശതമാനം നല്‍കിയാല്‍ മതി.
15,000 രൂപയുടെ 12 ശതമാനം എന്നത് 1,800 രൂപയാണ്. 15,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാളില്‍ നിന്ന് 1,800 രൂപയാകും മാസം ഈടാക്കുന്നത്. നിലവില്‍ 12,500 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാള്‍ 1,500 രൂപയാണ് പിഎഫിലേക്ക് നല്‍കുന്നത്. ഇയാളുടെ ശമ്പളം 15,000 ആയാല്‍ 300 രൂപ അധികം നല്‍കേണ്ടതായി വരും.