Bank Of Baroda Recruitment 2025: 37815 വരെ ശമ്പളം; പത്താം ക്ലാസ് പാസായവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ അവസരം
Bank of Baroda office assistant recruitment 2025: രാജ്യത്ത് 500 ഒഴിവുകളുണ്ട്. ഇതില്‍ 19 എണ്ണമാണ് കേരളത്തിലുള്ളത്. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ വായിക്കാനും, എഴുതാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. 19,500 മുതല്‍ 37,815 വരെയാണ് പേ സ്‌കെയില്‍
ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ മൂന്ന് ദിവസം കൂടി അവസരം. മെയ് അഞ്ച് മുതല്‍ 23 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് 500 ഒഴിവുകളുണ്ട്. ഇതില്‍ 19 എണ്ണമാണ് കേരളത്തിലുള്ളത്. പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ വായിക്കാനും, എഴുതാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. 19,500 മുതല്‍ 37,815 വരെയാണ് പേ സ്‌കെയില്‍. ഇതിന് പുറമെ ഡിഎ, എച്ച്ആര്‍എ, സ്‌പെഷ്യല്‍ അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, സ്‌പെഷ്യല്‍ പേ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
18 വയസ് മുതല്‍ 26 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 1999 മെയ് ഒന്നിനും, 2007 മെയ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷവും, ഒബിസി(നോണ്‍ ക്രീമി ലെയര്‍)ക്ക് മൂന്ന് വര്‍ഷവും, പിഡബ്ല്യുബിഡിക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിമുക്തഭടര്‍, വിധവകള്‍, വിവാഹമോചിതരായ (പുനര്‍വിവാഹം നടത്താത്ത) സ്ത്രീകള്‍ എന്നിവര്‍ക്കും ഇളവുണ്ട്.
600 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്തസൈനികര്‍, വനിതകള്‍ എന്നിവര്‍ക്ക് 100 രൂപ മതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആറു മാസത്തേക്ക് പ്രൊബേഷനിലായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷ നടത്തും. 100 ചോദ്യങ്ങളുണ്ടാകും. 100 ആണ് പരമാവധി മാര്‍ക്ക്. 80 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം.




ഇംഗ്ലീഷ്, ജനറല്‍ അവയര്‍നസ്, എലമെന്ററി അരിഥ്‌മെറ്റിക്, സൈക്കോമെട്രിക് ടെസ്റ്റ് (റീസണിങ്) എന്നിവയില്‍ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ്, ഐഡന്റിറ്റി പ്രൂഫ്, ഫോട്ടോ എന്നിവ കൈവശമുണ്ടായിരിക്കണം. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
എങ്ങനെ അയയ്ക്കാം?
- www.bankofbaroda.in/Career.htm എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം
- ‘Current Opportunities’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം
- ഇതില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കുക
- അപേക്ഷിക്കാനുള്ള ലിങ്കും അതോടൊപ്പം ലഭ്യമാണ്.