CBSE Board Exams: സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ
CBSE Class 10 Board Exams to Be Held Twice: ഒരു വർഷത്തിലേറെ കാലമായി നടന്ന ചർച്ചകൾക്കൊടുവിലാണ് പരീക്ഷ പരിഷ്കരണത്തിന്റെ കരട് മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ തിങ്കളാഴ്ച തയ്യാറാക്കിയത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ബോർഡ് പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടു തവണ. 2026-27 അധ്യയന വർഷം മുതൽ ഇത് നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. 2027ൽ നടക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂർത്തിയായി കഴിഞ്ഞു.
പുതിയ കരട് പ്രകാരം വിദ്യാർത്ഥികൾക്ക് രണ്ടു തവണ പരീക്ഷ എഴുതാനും അവയിൽ ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും കഴിയും. ഒരു വർഷത്തിലേറെ കാലമായി നടന്ന ചർച്ചകൾക്കൊടുവിലാണ് പരീക്ഷ പരിഷ്കരണത്തിന്റെ കരട് മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ തിങ്കളാഴ്ച തയ്യാറാക്കിയത്. ആകെ നാല് മാതൃകകൾ പരിഗണനയിൽ ഉണ്ടായിരുന്നു. ആറുമാസം കൂടുമ്പോൾ സെമസ്റ്റർ പരീക്ഷകളായി നടത്തുന്ന രീതി, മോഡുലാർ പരീക്ഷകൾ, വർഷത്തിൽ രണ്ടു പരീക്ഷകൾ, ഡിമാൻഡ് അധിഷ്ഠിത പരീക്ഷ എന്നിങ്ങനെ നാല് മാതൃകകൾ ആണ് പരീക്ഷ പരിഷ്കരണത്തിന് വേണ്ടി പരിഗണിച്ചിരുന്നത്.
ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ തന്നെ മോഡുലാർ പരീക്ഷകളും സെമസ്റ്റർ അധിഷ്ഠിത പരീക്ഷകളും ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതോടെ ഡിമാൻഡ് അധിഷ്ഠിത പരീക്ഷയും, വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്തുന്ന രീതിയും മാത്രമാണ് പരിഗണനയിൽ ഉണ്ടായിരുന്നതിൽ. ഇതിൽ നിന്നാണ് വർഷത്തിൽ രണ്ടു പരീക്ഷകൾ എന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. കരട് മാനദണ്ഡങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. മാർച്ച് 9 വരെ പൊതുജനത്തിന് ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാം. അതിനുശേഷമായിരിക്കും നയത്തിന് അന്തിമരൂപം നൽകുക.
വാർഷിക പരീക്ഷകൾ തമ്മിൽ രണ്ടു മാസത്തെ ഇടവേളയാണ് ലഭിക്കുക. പ്ലസ് വൺ പ്രവേശനം ജൂണിൽ ആരംഭിക്കുന്നത് കൂടി പരിഗണിച്ച് അതിന് മുൻപ് തന്നെ പരീക്ഷ നടത്തിപ്പും ഫല പ്രഖ്യാപനവുമെല്ലാം വരുന്ന വിധത്തിലാണ് കരടിലെ നിർദേശങ്ങൾ. പുതിയ രീതി അനുസരിച്ച് ഒരു വിദ്യാർത്ഥിക്ക് ഫെബ്രുവരിയിലെ പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചാലും മേയിൽ കൂടുതൽ മാർക്ക് ലഭിക്കുകയാണെങ്കിൽ അത് മാർക്ക് ഷീറ്റിൽ രേഖപ്പെടുത്തും. മേയിൽ നടത്തിയ പരീക്ഷയിൽ ലഭിച്ച മാർക്ക് ഫെബ്രുവരിയിലേതിനേക്കാൾ കുറവാണെങ്കിൽ ഫെബ്രുവരിയിലെ മാർക്കാണ് രേഖപ്പെടുത്തുക. രണ്ടാമത് നടത്തിയ പരീക്ഷയിൽ തൃപ്തനല്ലെങ്കിൽ ആദ്യത്തെ മാർക്ക് മതിയെന്ന് തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാർത്ഥിക്ക് ഉണ്ട്. കൂടാതെ, പരീക്ഷകൾ തമ്മിൽ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള ഉണ്ടാകും. പരീക്ഷകളുടെ കാലാവധി നീണ്ടുപോകാതിരിക്കാൻ വേണ്ടിയാണിത്.