KEAM 2025: സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കുന്നുണ്ടോയെന്ന് സുപ്രീംകോടതി, കേരള സിലബസുകാരുടെ ഹര്‍ജി നാളെ പരിഗണിക്കും
KEAM Rank List 2025: ജസ്റ്റിസ് പിഎസ് നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്

സുപ്രീംകോടതി
ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റിലെ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസുകാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനായി മാറ്റി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയം കേള്‍ക്കാമെന്നു വ്യക്തമാക്കിയെങ്കിലും, പ്രവേശന നടപടികള്‍ തടസപ്പെടുത്തുകയോ, റാങ്ക് പട്ടിക റദ്ദാക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഓപ്ഷന്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടാണെന്ന് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് പിഎസ് നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സര്‍ക്കാരിന്റെ അധികാര പരിധി കടന്നല്ലേയെന്നാണ് ഹര്‍ജിയിലൂടെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.
പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പിന്നാലെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തടസഹര്‍ജിയും നല്‍കി. പരീക്ഷ നടപടികള്‍ ആരംഭിച്ചതിന് ശേഷം പ്രോസ്പക്ടസില്‍ ഭേദഗതി വരുത്തിയത് ശരിയല്ലെന്നാണ് ഇവരുടെ വാദം.
Read Also: KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്; മാര്‍ക്ക് പരിശോധിക്കാനും അപകാതകള്‍ പരിഹരിക്കാനും അവസരം
റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരള സിലബസുകാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും, പിഎസ് സുല്‍ഫിക്കറും വാദിച്ചു. കേരള സിലബസുകാര്‍ വലിയ പ്രതിസന്ധി നേരിടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. അല്‍ജോ ജോസഫാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരാക്കിയത്.