KEAM Rank List 2025: കാത്തിരിപ്പിന് അവസാനമില്ലേ? കീം റാങ്ക് ലിസ്റ്റ് വൈകും; മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി
KEAM Engineering Entrance 2025 Rank List Delay Continues : റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തുവരുമെന്ന് വിദ്യാര്‍ത്ഥികള്‍ കരുതുന്നതിനിടെയാണ് മാര്‍ക്ക് സമര്‍പ്പണത്തിനുള്ള തീയതി വീണ്ടും നീട്ടുന്നത്. നിലവില്‍ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടിയത് എന്തിനാണെന്ന് വ്യക്തമല്ല
എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ജൂണില്‍ പുറത്തുവിടാനുള്ള സാധ്യതകള്‍ മങ്ങി. യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം) മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി വീണ്ടും ദീര്‍ഘിപ്പിച്ചു. നാളെ (ജൂണ്‍ 28) രാത്രി 11.59 വരെയാണ് മാര്‍ക്ക് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. രണ്ടാം വര്‍ഷത്തില്‍ ലഭിച്ച മാത്തമാറ്റിക്‌സ്, ഫിസിക്, കെമിസ്ട്രി പരീക്ഷകളുടെ മാര്‍ക്കുകളാണ് അപ് ലോഡ്‌ചെയ്യേണ്ടത്. ഇതോടെ റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നത് ഇനിയും വൈകുമെന്ന് ഉറപ്പായി. റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നത് വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ നിരാശരാണ്. പല തവണയാണ് മാര്‍ക്ക് സമര്‍പ്പിക്കുന്നതിനും, പിന്നീട് വെരിഫിക്കേഷനുമുള്ള തീയതി ദീര്‍ഘിപ്പിച്ചത്.
മെയ് 14നായിരുന്നു സ്‌കോര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ മെയ് 29 മുതല്‍ ജൂണ്‍ രണ്ടിന് വൈകുന്നേരം മൂന്ന് മണി വരെ സമയം അനുവദിച്ചു. ഇത് ജൂണ്‍ നാലിന് വൈകുന്നേരം ആറു മണി വരെയായി പിന്നെയും ദീര്‍ഘിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച മാര്‍ക്കുകള്‍ പരിശോധിക്കുന്നതിനും, പിഴവുകളുണ്ടെങ്കില്‍ തിരുത്തുന്നതിനും ജൂണ്‍ 10ന് വൈകുന്നേരം ആറു വരെ സമയം അനുവദിച്ചു. തുടര്‍ന്ന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ 10 രാത്രി 11.59 വരെ വീണ്ടും നീട്ടി.




അതുകഴിഞ്ഞ് പരിശോധനയ്ക്കുള്ള സമയപരിധിയും ദീര്‍ഘിപ്പിച്ചു. ഇത്തവണ ജൂണ്‍ 12 രാത്രി 11.59 വരെയാണ് സമയപരിധി നിശ്ചയിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചത്. ഇതിന് ശേഷം വെരിഫിക്കേഷന് വീണ്ടും സമയപരിധി അനുവദിച്ചേക്കാം.
റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തുവരുമെന്ന് വിദ്യാര്‍ത്ഥികള്‍ കരുതുന്നതിനിടെയാണ് മാര്‍ക്ക് സമര്‍പ്പണത്തിനുള്ള തീയതി വീണ്ടും നീട്ടുന്നത്. നിലവില്‍ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടിയത് എന്തിനാണെന്ന് വ്യക്തമല്ല. സ്‌കോര്‍ പുറത്തുവന്നിട്ട് ഒരു മാസത്തിലേറെയായിട്ടും റാങ്ക് ലിസ്റ്റ് പുറത്തുവിടാത്തതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ റാങ്ക് ലിസ്റ്റ് വരുമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ക്ക് ഏകീകരണം സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം വൈകുന്നതാണ് റാങ്ക് ലിസ്റ്റ് പുറത്തുവിടാത്തതിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാര്‍ക്ക് സമര്‍പ്പണത്തിനുള്ള തീയതി നീട്ടിയതോടെ റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവരുമെന്ന് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ജൂലൈ ആദ്യ വാരമെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.