Teachers Private Tuitions: സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുത്താൽ ഇനി പിടിവീഴും; ഉത്തരവുമായി സർക്കാർ
Government Teachers Private Tuitions: പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. വിഷയം ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. അധ്യാപകർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതിൽ വിലക്കുമായി സർക്കാർ ഉത്തരവ് (Government Teachers Private Tuitions). സർക്കാർ, എയ്ഡഡ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതായി സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. വിഷയം ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. പിഎസ്‌സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളിൽ പഠിപ്പിക്കുന്നതും ഈ സ്ഥാപനങ്ങൾക്കായി പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതും അച്ചടക്കലംഘനമായി കണകാക്കും.
അതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി സർക്കാർ, എയ്ഡഡ് അധ്യാപകർ കൂട്ടുനിൽക്കാൻ പാടില്ലെന്നാണ് ഉത്തരവ്. അധ്യാപകർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ നടപടിയെടുക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. അല്ലാത്തപക്ഷം വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നാണ് ഡയറക്ടറുടെ മുന്നറിയിപ്പ്.
Also Read: വായനയ്ക്ക് ഗ്രേസ് മാർക്ക്, സ്കൂൾ ബാഗ് ഭാരം കുറയ്ക്കും; പുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
കേരളത്തിൽ ഒരു സർക്കാർ സ്കൂളും അടച്ചുപൂട്ടിയിട്ടില്ല
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്ന എന്ന കേന്ദ്രസർക്കാരിൻ്റെ വാദം പച്ചക്കള്ളമാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിലെ ഒരു സർക്കാർ സ്‌കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം ചൂണ്ടികാട്ടിയത്.
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള കേന്ദ്രത്തിൻ്റെ ശ്രമമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകളുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.