Kerala Plus One Admission 2025: പ്ലസ് വണ്‍ പ്രവേശനസമയത്ത് എത്ര രൂപ സ്‌കൂള്‍ അധികാരികള്‍ക്ക് ഈടാക്കാം? കണക്കുകള്‍ പുറത്ത്
Kerala Plus One Admission 2025 Fee Details: അലോട്ട്‌മെന്റ് ലെറ്ററില്‍ വ്യക്തമാക്കിയിട്ടുള്ള ഫീസ് മാത്രം നല്‍കിയാല്‍ മതി. സര്‍ക്കാര്‍ നിജയപ്പെടുത്തിയിട്ടുള്ള ഫീസുകളെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് വാങ്ങിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനസമയത്ത് സ്‌കൂള്‍ അധികാരികള്‍ക്ക് വാങ്ങാവുന്ന ഫീസുകളുടെ വിശദാംശങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥികള്‍ അടയ്‌ക്കേണ്ട ഫീസിന്റെ വിശദാംശങ്ങള്‍ അലോട്ട്‌മെന്റ് ലെറ്ററില്‍ നല്‍കിയിട്ടുണ്ട്. ഈ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പിടിഎ ഫണ്ട്, സ്‌കൂള്‍ ഫീസ് തുടങ്ങിയവ നല്‍കിയതിന് ശേഷം അതിന്റെ രസീതുകള്‍ ലഭിച്ചില്ലെങ്കില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് ചോദിച്ചുവാങ്ങണം.
സര്‍ക്കാര്‍ നിജയപ്പെടുത്തിയിട്ടുള്ള ഫീസുകളെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് വാങ്ങിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.
ഇനങ്ങള്‍ | ഗ്രൂപ്പ്: സയന്‍സ്/കൊമേഴ്‌സ്/ഹ്യുമാനിറ്റിസ് |
അഡ്മിഷന്‍ഫീസ് | 50 രൂപ |
ലൈബ്രറി ഫീസ് | 25 രൂപ |
കലണ്ടര്‍ ഫീസ് | 25 രൂപ |
വൈദ്യപരിശോധനാഫീസ് | 25 രൂപ |
ഓഡിയോവിഷ്വല്‍ യൂണിറ്റ് ഫീസ് | 30 രൂപ |
സ്‌പോര്‍ട്‌സ് & ഗെയിംസ് | 75 രൂപ |
സ്റ്റേഷനറിഫീസ് | 25 രൂപ |
അസോസിയേഷന്‍ ഫീസ് | 25 രൂപ |
യൂത്ത്‌ഫെസ്റ്റിവല്‍ ഫീസ് | 50 രൂപ |
മാഗസിന്‍ഫീസ് | 25 രൂപ |
അപേക്ഷാഫീസ് | 25 രൂപ |
കോഷന്‍ ഡിപ്പോസിറ്റ് സയന്‍സ് വിഭാഗത്തിന് 150 രൂപയാണ്. കൊമേഴ്‌സ്/ഹ്യുമാനിറ്റിസ് ഗ്രൂപ്പിന് 100 രൂപ മതി. ലബോറട്ടറി സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്കും, കമ്പ്യൂട്ടര്‍സൗകര്യം ആവശ്യമുള്ള വിഷയങ്ങള്‍ക്കും 50 രൂപ വീതവും നിജയപ്പെടുത്തിയിരിക്കുന്നു.




വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. നാളെ (ജൂണ്‍ 3) മുതല്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ പ്രവേശനത്തിന് ഹാജരാക്കണം. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കി സ്ഥിരപ്രവേശനം നേടേണ്ടതാണ്.
Read Also: Kerala Plus One Result 2025: പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം പരിശോധിക്കാം ഈ മാര്‍ഗങ്ങളിലൂടെ
അലോട്ട്‌മെന്റ് ലെറ്ററില്‍ വ്യക്തമാക്കിയിട്ടുള്ള ഫീസ് മാത്രം നല്‍കിയാല്‍ മതി. ആദ്യ ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് അവരുടെ താല്‍പര്യപ്രകാരം താല്‍ക്കാലിക പ്രവേശനമോ, സ്ഥിര പ്രവേശനമോ നേടാം. എന്നാല്‍ താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് നല്‍കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടിയില്ലെങ്കില്‍ ഇനി വരാനിരിക്കുന്ന അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഇടം ലഭിക്കാത്തവര്‍ മറ്റ് അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം.