Kerala Local Holiday: ബുധനാഴ്ച പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല
Holiday on November 12th in Alappuzha district: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. മണ്ണാറശാല ആയില്യം പ്രമാണിച്ചാണ് അവധി

പ്രതീകാത്മക ചിത്രം
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 12) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. മഹാദീപക്കാഴ്ചയോടെ ഇന്ന് ഉത്സവം ആരംഭിച്ചു. ആയില്യം പൂജയും എഴുന്നള്ളത്തും 12ന് നടക്കും. തുലാമാസത്തിലെ ആയില്യം ആണ് ഇവിടെ മഹോത്സവമായി ആഘോഷിക്കുന്നത്.
നാഗരാജാവും സർപ്പയക്ഷിയുമാണ് മണ്ണാറശാലയിലെ പ്രധാന പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിലെ നിലവറയിൽ നാഗരാജാവ് കുടികൊള്ളുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ 12ന് മണ്ണാറശാലയിലെത്തും.
അനന്തന്റെ ഭാവത്തിലുള്ള തിരുവാഭരണം പൂയം നാളില്‍ ചാര്‍ത്തും. വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ കാര്‍മികത്വത്തില്‍ ഉച്ചപൂജയുണ്ടാകും. മണ്ണാറശാല യുപി സ്‌കൂളില്‍ പ്രസാദമൂട്ട് നടക്കും. വൈകിട്ട് അഞ്ചിനാണ് പൂയം തൊഴല്‍.
12ന് പുലര്‍ച്ചെ നാലിന് നട തുറക്കും. തുടര്‍ന്ന് നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണങ്ങള്‍ ചാര്‍ത്തും. വിശേഷാല്‍ പൂജകളുമുണ്ടാകും. ബുധനാഴ്ച രാവിലെ 10ന് മഹാപ്രസാദമൂട്ട് നടക്കും. 10 മണിക്കാണ് നാഗപത്മ കളമെഴുത്ത്. ഇതിനു ശേഷം വലിയമ്മ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തും. 12 മണിക്കാണ് ആയില്യം എഴുന്നള്ളത്ത്. എഴുന്നള്ളത്ത് ഇല്ലത്തെത്തി കഴിഞ്ഞ് ആയില്യം പൂജ തുടങ്ങും.