Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്മെന്റിൽ 2.49 ലക്ഷം വിദ്യാർഥികൾക്ക് അഡ്മിഷൻ, രണ്ടാം അലോട്ട്മെന്റ് ജൂൺ 9ന്
Kerala Plus One Allotment 2025: ആദ്യ അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടത്തിയത്. ഇതിൽ സ്ഥിരപ്രവേശനം നേടിയത് 1,21,743 പേരാണ്. 99,525 പേർ താൽക്കാലിക പ്രവേശനം നേടി.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയത് 2,49,540 വിദ്യാർഥികൾ. ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത് ജൂൺ ഒന്നിനായിരുന്നു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ ജൂൺ മൂന്ന് മുതൽ അഞ്ച് വരെ സമയം അനുവദിച്ചിരുന്നു.
ആദ്യ അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടത്തിയത്. ഇതിൽ സ്ഥിരപ്രവേശനം നേടിയത് 1,21,743 പേരാണ്. 99,525 പേർ താൽക്കാലിക പ്രവേശനം നേടി. അലോട്ട്മെന്റ് ലഭിച്ചിട്ടും 27,074 പേർ പ്രവേശനം നേടിയില്ല. 69,034 സംവരണ സീറ്റുകൾ ഇപ്പോഴും ഒഴിവായി നിലനിൽക്കുന്നുണ്ട്. അതേസമയം, സ്പോർട്സ് ക്വാട്ടയിൽ 2649 പേർ സ്ഥിരപ്രവേശനം നേടിയപ്പോൾ 2021 പേർ താൽക്കാലിക പ്രവേശനം നേടി. 1430 പേർ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല.
മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ സ്ഥിരപ്രവേശനം നേടിയത് 914 പേരും, താൽക്കാലികമായി പ്രവേശനം നേടിയത് 108 പേരും, അലോട്ട്മെൻ്റ് നൽകിയിട്ടും അഡ്മിഷൻ നേടാത്തവർ 279 പേരുമാണ്. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷം മെറിറ്റ് ക്വാട്ടയിൽ 96,108 ഒഴിവും, സ്പോർട്സ് ക്വാട്ടയിൽ 3508 ഒഴിവും മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ 494 ഒഴിവുമാണ് ഉള്ളത്. പ്ലസ് വൺ പ്രവേശനത്തിനായി ആകെ ലഭിച്ചത് 4,63,686 അപേക്ഷകളാണ്. ഇതിൽ 2,26,960 പേർ പ്രവേശനം നേടിയപ്പോൾ 27,074 പേർ അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടിയില്ല.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 10, 11 തീയതികളിൽ നടക്കും. തുടർന്ന്, മൂന്നാമത്തെ അലോട്ട്മെന്റ് 2025 ജൂൺ 16ന് പ്രസിദ്ധീകരിക്കും. ജൂൺ 16, 17 തീയതികളിലായി വിദ്യാർത്ഥികൾക്ക് പ്രവേശനം പൂർത്തിയാക്കാം. ശേഷം ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്.