Kerala PSC Recruitment : പോലീസ് ജോലിയാണോ സ്വപ്നം? എങ്കില്‍ ഇതാ അവസരം, പിഎസ്‌സി വിജ്ഞാപനം ഉടന്‍
Kerala PSC Police Recruitment Notification : പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് പോലീസ് (ട്രെയിനി) വിജ്ഞാപനങ്ങളടക്കമാണ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്

കേരള പിഎസ്‌സി (image credits: social media)
തിരുവനന്തപുരം: 47 കാറ്റഗറികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ ഒമ്പത് വിഭാഗങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും.
പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്‍) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് പോലീസ് (ട്രെയിനി) വിജ്ഞാപനങ്ങളടക്കമാണ് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഫിസിക്‌സ്, പുരാവസ്തു വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ പാംഗര്‍ ഇന്‍സ്ട്രക്ടര്‍, കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കയര്‍ഫെഡ്) സിവില്‍ സബ് എഞ്ചിനീയര്‍ എന്നിവയാണ് സംസ്ഥാന തലത്തില്‍ (ജനറല്‍ റിക്രൂട്ട്‌മെന്റ്) പുറപ്പെടുവിക്കാന്‍ തീരുമാനിച്ച മറ്റ് വിജ്ഞാപനങ്ങള്‍.
Read Also : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാള മീഡിയം-തസ്തിക മാറ്റം മുഖേന), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്, പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍, തിരുവനന്തപുരം ജില്ലയില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സില്‍ (എന്‍സിസി) എയ്‌റോമോഡല്ലിങ് ഹെല്‍പര്‍ (വിമുക്തഭടന്മാര്‍ മാത്രം), വിവിധ ജില്ലകളില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ എന്നിങ്ങനെ ജില്ലാതലത്തില്‍ (ജനറല്‍ റിക്രൂട്ട്‌മെന്റ്) എട്ട് വിജ്ഞാപനങ്ങളും പുറപ്പെടുവിക്കും.
സംസ്ഥാനതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ രണ്ടും, ജില്ലാതലം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ ഒന്നും, എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ 17 വിജ്ഞാപനങ്ങളും പുറപ്പെടുവിക്കും. പിഎസ്‌സിയുടെ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്റ്റര്‍ നടത്തിയതിന് ശേഷം, വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ അയക്കാം. യോഗ്യത അടക്കമുള്ള വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ടാകും.