Kerala PSC Advice Memo: പിഎസ്‌സിയുടെ നിയമനശുപാര്‍ശകള്‍ ഇനി പഴയതുപോലെയല്ല, വരുന്നത് വന്‍ മാറ്റം
Kerala PSC will fully digitise advice memo process: കാലതാമസമില്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിക്കുന്നതിനും, മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ രീതി ഏര്‍പ്പെടുത്തുന്നത്

നിയമനശുപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനൊരുങ്ങി കേരള പിഎസ്‌സി. ജൂലൈ ഒന്ന് മുതല്‍ എല്ലാ നിയമനശുപാര്‍ശകളും ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കാനാണ് തീരുമാനം. കാലതാമസമില്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിക്കുന്നതിനും, മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ രീതി ഏര്‍പ്പെടുത്തുന്നത്. ക്യുആര്‍ കോഡടക്കമുള്ള സുരക്ഷിതമായ രീതിയിലാണ് നിയമന ശുപാര്‍ശകള്‍ പ്രൊഫൈലില്‍ ലഭ്യമാക്കുന്നതെന്ന് പിഎസ്‌സി അറിയിച്ചു. മുഴുവനായും ഡിജിറ്റല്‍ സംവിധാനമാക്കുന്നതോടെ തപാല്‍ മാര്‍ഗം അയയ്ക്കുന്ന പഴയ സമ്പ്രദായം നിര്‍ത്തലാക്കും.
വീണ്ടും അവസരം
അതേസമയം, മെയ് 24ലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് വീണ്ടും അവസരം. സര്‍വകലാശാല പരീക്ഷകള്‍, രോഗബാധിതര്‍, അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്നവര്‍ എന്നിവര്‍ക്കാണ് അവസരം. സര്‍വകലാശാല പരീക്ഷളുണ്ടായിരുന്നവര്‍ അതിന്റെ അഡ്മിറ്റ് കാര്‍ഡും, ചികിത്സയിലായിരുന്നവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒപ്പം മെയ് 24ലെ ബിരുദദല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കണം.




പരീക്ഷയോട് അടുത്ത ദിവസങ്ങളില്‍ പ്രസവം പ്രതീക്ഷിച്ച ഗര്‍ഭിണികള്‍, ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്കും അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാം. പരീക്ഷാത്തീയതിയില്‍ വിവാഹം നടന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും അവസരം ലഭിക്കും.
അടുത്ത ബന്ധുക്കളുടെ മരണം മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന ജില്ലാ പിഎസ്‌സി ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന പിഎസ്‌സി ഓഫീസിലെ ഇഎഫ് വിഭാഗത്തില്‍ അപേക്ഷ നല്‍കാം. ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെ നല്‍കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. ജൂണ്‍ രണ്ടിന് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം.