Kerala Education Department: സ്കൂളിൽ നാല് ദിവസം ബാഗ് വേണ്ട; വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ പരിഷ്കാരം
Kerala Education Department New Update: കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കേരള വിദ്യാഭ്യാസ വകുപ്പ്. മാസത്തിൽ നാല് ദിവസമെങ്കിലും ബാഗ് ഒഴിവാക്കാനുള്ള ചർച്ചയും നടക്കുന്നുണ്ട്.

Represental Image(Image Courtesy: Pinterest)
സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധി പരാതികളും നിർദേശങ്ങളും പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായി പുതിയ നടപടികളുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇത് സംബന്ധിച്ചുള്ള വിവരം അറിയിച്ചത്.
പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിനായി നിലവിൽ രണ്ടു ഭാഗങ്ങൾ ആയിട്ടാണ് കുട്ടികൾക്ക് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം 1.6 മുതൽ 2.2 കിലോയ്ക്ക് ഇടയിലും, പത്താം ക്ലാസ്സിലെ കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലും ആകുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തുവാൻ ശ്രമിക്കുന്നെണ്ടെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ മാസത്തിൽ നാല് ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ ആക്കാനും പരിഗണിക്കുന്നുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു .
READ MORE: കാരണം വ്യക്തമാക്കുന്നില്ല; ഇന്ത്യൻ വിദ്യാർത്ഥികളെ യു എസ് തിരിച്ചയക്കുന്നതായി വിദേശകാര്യ മന്ത്രാലയം
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നമ്മുടെ സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മറ്റ് പൊതു വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്.ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നിരുന്നാലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട് ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം ഒന്നേ പോയിന്റ് ആറ് മുതൽ രണ്ടേ പോയിന്റ് രണ്ടും കിലോയ്ക്ക് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കുംനാലര കിലോയ്ക്കും ഇടയിൽ ആക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകുന്നതാണ്. കൂടാതെ മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ എന്ന കാര്യം നടപ്പിലാക്കുന്നതും പരിഗണനയിലാണ്.